ജപ്പാനിൽ മാരക രോഗബാധ പടരുന്നു. സ്ട്രെപ്ടോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അല്ലെങ്കിൽ ഫ്ലഷ് ഈറ്റിങ് ബാക്ടീരിയ (മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ) എന്ന രോഗമാണ് ക്രമാതീതമായി ഉയരുന്നത്. നിശ്ചിതകാലയളവിൽ 77 മരണവും സംഭവിച്ചിട്ടുണ്ട്.
ഈ വർഷം ജൂൺ രണ്ടുവരെ 977 പേർക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 944 പേർ മാത്രമായിരുന്നു രോഗബാധിതർ.അപൂർവവും ഗുരുതരമായ എസ്ടിഎസ്എസ് രോഗബാധയ്ക്ക് കാരണമാകുന്നത് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ആണ്.
ശരീരത്തിലെ കോശങ്ങളിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിക്കുന്ന ബാക്ടീരിയ ശരീരത്തിന് അപകടകരമായ വിഷവസ്തു പുറത്തുവിടുമെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. എസ്ടിഎസ്എസ് രോഗിയിൽനിന്ന് മറ്റൊരാളിലേക്ക് രോഗബാധ പടരുന്നത് അപൂർവമാണെന്നാണ് റിപ്പോർട്ട്.
ഗ്രൂപ്പ് എ വിഭാഗത്തിലുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പനി, വിറയൽ, പേശിവേദന, ഛർദി തുടങ്ങിയവയാണ് രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. 24 മുതൽ 48 മണിക്കൂറിനകം രക്തസമ്മർദം കുറയുകയും അവയവങ്ങളുടെ തകരാറിന് ഇടയാക്കുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും.
കുട്ടികളിൽ തൊണ്ട വേദനയാണ് പൊതുവേ കാണാറ്. എന്നാൽ പ്രായമായവരിൽ കൈകാലുകൾക്ക് വേദന, വീക്കം, പനി, രക്തസമ്മർദത്തിൽ കുറവ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ശ്വസംമുട്ടൽ, അവയവങ്ങളുടെ നാശം എന്നിവയിലേക്ക് നയിക്കാവുന്ന രോഗം 50 വയസ്സിന് മുകളിലുള്ളവരിൽ മരണത്തിനും ഇടയാക്കിയേക്കാം.