മൂന്നാം മോദി സർക്കാരിൽ(Modi cabinet) കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ(sworn-in) ചെയ്ത സുരേഷ് ഗോപിയ്ക്ക്(Suresh Gopi) രണ്ട് വകുപ്പുകൾ. ടൂറിസം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് തൃശ്ശൂർ എംപിക്ക് ലഭിച്ചത്. നേരത്തെ അദ്ദേഹം മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇത് മാധ്യമസൃഷ്ടിയാണെന്ന് വ്യക്തമാക്കി എംപി തന്നെ രംഗത്തെത്തിയിരുന്നു.
ഇന്നലെ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് സുരേഷ് ഗോപി സ്ഥാനമേറ്റത്. കേരളത്തിലെ ബി.ജെ.പിയുടെ ചരിത്രത്തിൽ ഇനി എക്കാലവും രേഖപ്പെടുത്തിവെയ്ക്കപ്പെടേണ്ട പേരാണ് സുരേഷ് ഗോപി. ഇന്ത്യയിലാകെ ഭരണം പിടിച്ചിട്ടും കേരളത്തിൽ ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. തൃശൂരിൽ 74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. ‘കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.
2024 ലോക്സഭ തിരഞ്ഞെടുപ്പോടെ കേരളത്തിലും താമര വിരിയിക്കുവാൻ സുരേഷ് ഗോപിയിലൂടെ ബിജെപിയ്ക്ക് സാധിച്ചു. നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും ഇതിന് മുൻപ് തൃശൂരിൽ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനവിധി തനിക്കനുകൂലമാക്കാനുള്ള മുന്നൊരുക്കങ്ങളിലേയ്ക്കാണ് അദ്ദേഹം കടന്നത്. ഒട്ടേറെ പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപി കേരളത്തിൻ്റെ കേന്ദ്രമന്ത്രിയാകുകയാണ്.