IPL 2024 : ഡൽഹി രാജസ്ഥാനെ വീഴ്ത്തി മുന്നോട്ട്.

0
58

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ റോയൽസിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ ഒഴികെ മറ്റാരും ഫോമിലേക്ക് ഉയരാതെ പോയതാണ് തിരിച്ചടിയായത്.കൂറ്റൻ ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അവർക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി.

ആദ്യ പന്ത് ബൗണ്ടറി അടിച്ചു തുടങ്ങിയ താരം രണ്ടാം പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞു. മറ്റൊരു ഓപ്പണറായ ജോസ് ബട്ട്ലർ പിടിച്ചു നിന്ന് ഇന്നിങ്‌സ് ബിൽഡ് ചെയ്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കുന്നതിന് മുൻപ് തന്നെ ബട്ട്ലറും കീഴടങ്ങി. ഇതോടെയാണ് സഞ്ജുവിന് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്ത് കളിക്കേണ്ടി വന്നത്. അവിടെ നിന്ന് പതിയെ ഇന്നിംഗ്‌സ് ആരംഭിച്ച മലയാളി താരം സീസണിലെ മറ്റൊരു അർധ സെഞ്ച്വറി കുറിക്കുകയായിരുന്നു. അപ്പോഴും മറ്റ് ബാറ്റർമാർ ഒക്കെ പതിഞ്ഞ താളത്തിൽ തന്നെയാണ് ബാറ്റ് വീശിയത്.

സഞ്ജുവിന് പുറമെ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചത് റിയാൻ പരാഗും ശുഭം ദുബെയുമാണ്. ഇരുവരും ചെറുതെങ്കിലും മാന്യമായ സംഭാവന സ്‌കോർ ബോർഡിലേക്ക് നൽകിയെങ്കിലും അതൊന്നും പക്ഷേ ജയത്തിന് പര്യാപ്‌തമായില്ല.റിയാൻ പരാഗ് 22 പന്തിൽ 27 റൺസ് നേടിയാണ് പുറത്തായത്. സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ട് താരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല. ഒടുവിൽ രാജസ്ഥാന് അനിവാര്യമായ തോൽവി വഴങ്ങേണ്ടി വന്നു.

അതേസമയം, കരുത്തരായ രാജസ്ഥാനെതിരെ മികച്ച സ്‌കോറാണ് ഡൽഹി പടുത്തുയർത്തിയത്. ഓപ്പണർമാരായ ജേക്ക് ഫ്രേസറുടെയും അഭിഷേക് പോറലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഡൽഹി രാജസ്ഥാന് മുൻപിൽ മികച്ച സ്‌കോർ പടുത്തുയർത്തിയത്.

ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റൺസാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. രണ്ട് താരങ്ങളും അർധ സെഞ്ച്വറി നേടി. അതിൽ ഫ്രേസർ ആവട്ടെ അതിവേഗ അർധ സെഞ്ച്വറിയുമായാണ് കളം നിറഞ്ഞത്. ഇരു താരങ്ങളും തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്.

ഇതോടെ രാജസ്ഥാൻ ബൗളർമാർ നന്നേ ബുദ്ധിമുട്ടി. പോറൽ ബാറ്റ് ഉയർത്തി വീശാൻ തുടങ്ങും മുൻപേ തന്നെ ഫ്രേസർ അർധ സെഞ്ച്വറിയുമായി കളം വിട്ടിരുന്നു എന്നതാണ് പ്രത്യേകത. താരം കേവലം 20 പന്തിൽ 50 റൺസാണ് നേടിയത്. അതിൽ മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും അടങ്ങിയിരുന്നു.

പവർ പ്ലേ കഴിയുമ്പോഴേക്ക് ഡൽഹി സ്‌കോർ കുത്തനെ കുതിച്ചുയരാൻ കാരണമായത് ഫ്രേസറുടെ ഈ ബാറ്റിംഗ് മികവാണ്. നാലോവർ പിന്നിട്ടപ്പോഴേക്കും ഡൽഹി സ്‌കോർ അറുപതിൽ എത്തിച്ചാണ് ഫ്രേസർ മടങ്ങിയത്. ശേഷമാണ് അഭിഷേക് പോറൽ തന്റെ വിശ്വരൂപം പുറത്തെടുത്തത്.

ഫ്രേസർ പുറത്തായ ശേഷം ഇന്നിങ്സ് കടിഞ്ഞാൺ ഏറ്റെടുത്ത പോറൽ സ്‌കോർ ബോർഡ് വീണ്ടും ചലിപ്പിക്കാനും റൺ നിരക്ക് താഴാതിരിക്കാനും ശ്രമിച്ചു. അഭിഷേക് പോറൽ 36 പന്തിൽ 65 റൺസാണ് നേടിയത്. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും താരം പറത്തി.

എന്നാൽ പിന്നീട് ഡൽഹി ബാറ്റിംഗ് നിര ചെറുതായൊന്ന് പതറിയെങ്കിലും അവസാന നിമിഷം കൂടുതൽ പേർ വെടിക്കെട്ട് ഇന്നിംഗ്‌സുമായി കളം നിറഞ്ഞതാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. സ്‌റ്റബ്ബ്സ്, നയീബ് എന്നിവർ മികച്ച സ്കോറിനായി പൊരുതിയതോടെ ഡൽഹിയുടെ സ്‌കോർ 200 കടക്കുകയായിരുന്നു. അവസാന നിമിഷം റാസിഖ് സലാമും അടിച്ചുപറത്തി.

രാജസ്ഥാൻ റോയൽസ് ബൗളിങ് നിരയിൽ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിനാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. ശേഷിക്കുന്ന താരങ്ങളിൽ ട്രെൻഡ് ബോൾട്ടിനും യൂസ്‌വേന്ദ്ര ചാഹലിനും ഓരോ വിക്കറ്റ് വീതം കിട്ടിയെങ്കിലും ഇരുവരും നന്നായി റൺസ് വഴങ്ങുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here