കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക്ക;

0
61

കോവിഡ് വാക്സിനായ കോവിഷീൽഡ് ആ​ഗോളതലത്തിൽ നിന്ന് പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അതേസമയം വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. കൊവിഷീൽഡ് വാക്സിന്റെ ലഭ്യത വിപണിയിൽ അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവിഷീൽഡിന് സാധിക്കില്ലെന്നും കമ്പനി നേരത്തേ വിശദീകരിച്ചിരുന്നു.

അതേസമയം വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായെന്നും ചിലർ മരണപ്പെട്ടെന്നുമുള്ള പരാതികൾ നേരത്തേ ഉയർന്നിരുന്നു. കമ്പനിക്കെതിരെ ചിലർ യുകെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് ആണ് ആദ്യം കോടതിയെ സമീപിച്ചത്. ഇതോടെ വാക്സിൻ സ്വീകരിച്ചാൽ ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു.

കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് അപൂർവ്വം സാഹചര്യങ്ങളിൽ മാത്രം രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി ടി എസ് ) എന്ന രോഗാവസ്ഥയിലേക്കാണ് ഇത് നയിക്കുക.

വാക്സിനെടുത്ത് 21 ദിവസത്തിനകമാണ് പാർശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം. യുകെയിൽ ഇത്തരത്തിൽ 81 മരണങ്ങൾ ഉണ്ടായെന്നുള്ള പരാതികൾ ഉയർന്നിരുന്നു. അതേസമയം കോവിഷീൽഡ് പിൻവലിക്കാനുള്ള തീരുമാനം കേസിന്റെ പശ്ചാത്തലത്തിൽ അല്ലെന്ന് കമ്പനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here