പരിഷ്കരണത്തിനെതിരെ പ്രതിഷേധം! ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ.

0
43

ഡ്രൈവിംഗ് ടെസ്റ്റ്(Driving test) പരിഷ്കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകൾ. ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. പരിഷ്കരിച്ചുള്ള ടെസ്റ്റ് തടയുമെന്ന നിലപാടിലാണ് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്തകൾക്ക് ആദ്യം ഗതാഗത മന്ത്രി തയ്യാറായിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല

മെയ് രണ്ടു മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരുന്നത്. ഇതില്‍ ഇളവ് വരുത്തി പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയിരുന്നു. പുതിയതായി 40 പേർക്കും തോറ്റവർക്കുള്ള റീടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമാണ് അവസരം. പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൽ എച്ച് ടെസ്റ്റ് തുടരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടായിരിക്കും. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക,  ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ‘H’ന് പകരം പാര്‍ക്കിങ് ടെസ്റ്റും സിഗ്‌സാഗ് ഡ്രൈവിങും നടത്തും. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണം. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here