ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 14.85 കോടി രൂപയാണ് ‘റെയിൽ നീർ’ വിറ്റത് വഴി റെയിൽവേയ്ക്ക് ലഭിച്ചത്. 99 ലക്ഷം ബോട്ടിലാണ് ഈ കാലയളവിനിടെ റെയിൽവേ വിറ്റഴിച്ചത്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും വിറ്റ വെള്ളത്തിന്‍റെ കണക്കാണിത്.
ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്ന 630 തീവണ്ടികളിൽ ഒരു ലിറ്ററിന്‍റെ 40 ലക്ഷം കുടിവെള്ളമാണ് വിറ്റത്. വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 59 ലക്ഷം ബോട്ടിലുകളും വിറ്റു. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് (റെയിൽ നീർ) 15 രൂപയാണ് റെയിൽവേ ഈടാക്കുന്നത്.
വന്ദേ ഭാരതിലും ശതാബ്ദി ട്രെയിനുകളിലും ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്.റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) യുടെ നിയന്ത്രണത്തിലാണ് റെയിൽ നീർ എന്നപേരിൽ കുപ്പിവെള്ളം വിൽപ്പന ചെയ്യുന്നത്.
രാജ്യത്തെ 14 ബോട്ടിലിങ് പ്ലാന്‍റുകളിൽ നിന്നായി പ്രതിദിനം 18.40 ലക്ഷം ബോട്ടിലുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിൽ ആറു പ്ലാന്‍റുകളാണുള്ളത്. ചെന്നൈ പലൂരുള്ള പ്ലാന്‍റിൽനിന്ന് പ്രതിദിനം 1.80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാൻ കഴിയും.പാറശ്ശാലയിലെ പ്ലാന്‍റിൽ പ്രതിദിനം 72,000 ബോട്ടിലാണ് ഉൽപ്പാദിപ്പിക്കാൻ കഴിയുക.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരതുകളിൽ ദിവസവും 4500ൽ അധികം ബോട്ടിലുകൾ റെയിൽവേ യാത്രക്കാർക്ക് നൽകുന്നുണ്ട്. കുടിവെള്ള വിൽപ്പനയിലൂടെ ദിവസം 65000 രൂപയാണ് റെയിൽവേ നേടുന്നതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
വെള്ളം വിറ്റ് വരുമാനം നേടുമ്പോൾ മറുവശത്ത് വെള്ളം വാങ്ങാനായും റെയിൽവേ കോടികൾ ചിലവിടുന്നുണ്ട്. ട്രെയിനുകളിൽ വെള്ളം നിറയ്ക്കാൻ ഫില്ലിങ് സ്റ്റേഷനുകളിലാണ് കോടികൾ നൽകുന്നത്.
മംഗളൂരു മുതൽ നാഗർകോവിൽവരെയുള്ള പ്രധാന ഫില്ലിങ് സ്റ്റേഷനുകളിൽ ജല അതോറിറ്റിയുടെ വെള്ളമാണ് വണ്ടികളിലെ ടാങ്റുകളിൽ നിറയ്ക്കുന്നത്. വണ്ടി പുറപ്പെടുന്നതും യാർഡിൽ വെക്കുന്നതുമായ കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളിൽ പ്രതിദിനം 7-10 ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്.