ഇന്ത്യൻ കറിപ്പൊടികൾ ഉപയോഗിക്കരുതെന്ന് ഹോങ് കോങ് ഭക്ഷ്യസുരക്ഷാ വിഭാഗം

0
73

ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ വിവിധ കറിപ്പൊടികൾ ഉപയോഗിക്കരുതെന്ന് ഹോങ് കോങ് ഫുഡ് റെഗുലേറ്ററി അതോറിറ്റിയായ സെൻ്റർ ഫോർ ഫുഡ് സേഫ്റ്റി (സിഎഫ്സി) യുടെ നിർദേശം. ഇന്ത്യൻ ബ്രാൻഡുകൾ ഉത്പാദിപ്പിക്കുന്ന നാല് കറിപ്പൊടികളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ഈ മാസം അഞ്ചിന് സിഎഫ്സി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കീടനാശിനിയായ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യമാണ് കറിപ്പൊടികളിൽ കണ്ടെത്തയിരിക്കുന്നതെന്നാണ് സിഎഫ്സിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്.ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവ ഉത്പാദിപ്പിക്കുന്ന നാല് കറിപ്പൊടികളിലാണ് കാൻസറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച്, ‘ഗ്രൂപ്പ് 1 കാർസിനോജൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യമാണ് കറിപ്പൊടികളിൽ കണ്ടെത്തിയിരിക്കുന്നത്.

എംഡിഎച്ച് വിപണിയിൽ എത്തിക്കുന്ന മദ്രാസ് കറിപ്പൊടി, സാമ്പാർ മസാല, കറിപ്പൊടി (മികസഡ് മസാല പൗഡ‍ർ) എന്നിവയിലും എവറസ്റ്റിൻ്റെ ഫിഷ് കറി മസാലയിലുമാണ് എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എവറസ്റ്റിൻ്റെ ഫിഷ് കറി മസാലയിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതലാണ് എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം.പതിവ് പരിശോധനയുടെ ഭാഗമായി ഹോങ് കോങ്ങിലെ റീട്ടെയിൽ ഔട്ട്‍ലെറ്റിൽനിന്ന് വാങ്ങിയവയിലാണ് കാൻസറിനു കാരണമാകുന്ന രാസവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്ന് സിഎഫ്എസ് വക്താവ് വ്യക്തമാക്കി.

ഇതേ തുടർന്ന് കറിപ്പൊടികളുടെ വിപണനവും സിഎഫസി തടഞ്ഞതായി വാ‍ർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോ‍ർട്ട് ചെയ്തു. പ്രസ്തുത കറിപ്പൊടികൾ പൗരന്മാ‍ർ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.അനുവദനീയമായ അളവിനേക്കാൾ കൂടുതൽ എഥിലീൻ സാന്നിധ്യം കണ്ടെത്തിയ ഫിഷ് കറി മസാല തിരിച്ചെടുക്കാൻ എവറസ്റ്റിനോട് സിഎഫ്സി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഎഫ്സി വക്താവ് അറിയിച്ചു.

ഭക്ഷ്യയോഗ്യമല്ലാത്ത എഥിലീൻ ഓക്സൈഡ് സുഗന്ധവ്യജ്ഞനങ്ങൾ കേടാകുന്നത് തടയാനായി ഉപയോഗിക്കാറുണ്ടെന്ന് സിഎഫ്സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ നേരിയ അളവിലുള്ള ഉപഭോഗം മനുഷ്യജീവന് അപകടമുണ്ടാക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇവയുടെ പതിവായുള്ള ഉപഭോഗം കാൻസ‍ർ സെല്ലുകളുടെ വള‍ർച്ചയ്ക്ക് കാരണമാകുമെന്നും അതുവഴി മനുഷ്യജീവനും ഹാനിവരുത്തുമെന്നും റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here