റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്.

0
44

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.

വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തിയതായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു.

2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പുടിനൊപ്പം മത്സരിച്ച നിക്കോളായ് ഖരിറ്റനോവ് ( റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയോനിഡ് സ്ലട്സ്കി (നാഷണലിസ്റ്റ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവർ‌ പുടിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തെരഞ്ഞെടുപ്പ് നാടകത്തിലെ കരുക്കൾ മാത്രമാണ് ഇവരെന്നും ആരോപണം ഉയർന്നിരുന്നു. പുടിന് വെല്ലുവിളിയുയർത്തിയ ഏക സ്ഥാനാർഥി ബോറിസ് നദെഷ്ടിനെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയ സംഭവവും പുടിൻ വിമർശകൻ അലക്സി നവൽനിയുടെ മരണവും യുക്രൈൻ അധിനിവേശവും തെരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here