അനാഥ മൃതദേഹങ്ങള്‍ വിറ്റ് എറണാകുളം ജനറല്‍ ആശുപത്രി നേടിയത് ദശലക്ഷങ്ങള്‍.

0
63

കൊച്ചി: ആരാരും തേടിയെത്താതെ മോർച്ചറിയില്‍ സൂക്ഷിക്കുന്ന അനാഥ മൃതദേഹങ്ങള്‍ (കടാവർ) മെഡിക്കല്‍ കോളജുകള്‍ക്ക് കൈമാറി എറണാകുളം ജനറല്‍ ആശുപത്രി നാലു വർഷത്തിനിടെ നേടിയത് 30.50 ലക്ഷം രൂപ.

2020 ജനുവരി മുതല്‍ 2023 ഡിസംബർ വരെ 77 അനാഥ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കൈമാറിയത്.

നിലവില്‍ 50.15 ലക്ഷം രൂപ ജനറല്‍ ആശുപത്രിയുടെ കടാവർ അക്കൗണ്ടില്‍ നീക്കിയിരിപ്പുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ കോളജുകള്‍ വരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ വാങ്ങുന്ന കൂട്ടത്തിലുണ്ടെന്ന് ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ആകെ കൈമാറിയ 77 മൃതദേഹങ്ങളില്‍ ഭൂരിഭാഗവും പുരുഷൻമാരുടേതാണ്-65 എണ്ണം. സ്ത്രീകളുടേത് 12 എണ്ണവുമുണ്ട്. മെഡിക്കല്‍ വിദ്യാർഥികള്‍ക്കുള്ള പഠനാവശ്യാർഥമാണ് ഇത്തരത്തില്‍ മെഡിക്കല്‍ കോളജുകള്‍ക്കായി പണം വാങ്ങി കൈമാറുന്നത്. സർക്കാർ മെഡിക്കല്‍ കോളജില്‍ നിന്നുള്‍പ്പെടെ പണം വാങ്ങുന്നുണ്ട്. ഒരു കടാവറിന് 40,000 രൂപയാണ് നല്‍കേണ്ടത്.

ഇങ്ങനെ സമാഹരിക്കുന്ന തുക ആശുപത്രി മോർച്ചറിയുടെ ദൈനംദിന ചെലവുകള്‍ക്കായാണ് ഉപയോഗിക്കുന്നത്.വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കു മറുപടിയായാണ് ജനറല്‍ ആശുപത്രി മൃതദേഹ കൈമാറ്റത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചത്. ഒന്നു മുതല്‍ ആറു വരെ കടാവറുകള്‍ ഓരോ വർഷവും വാങ്ങിയ മെഡിക്കല്‍ കോളജുകളുണ്ട്. സേലം, ചെന്നൈ തുടങ്ങിയ ഇടങ്ങളിലെ മെഡിക്കല്‍ കോളജ് അധികൃതരും എറണാകുളത്ത് നിന്ന് പഠനാവശ്യാർഥം കടാവറുകള്‍ വില കൊടുത്ത് വാങ്ങുന്നുണ്ട്. കൊച്ചി നഗരത്തിലേതുള്‍പ്പെടെ വൻകിട സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇക്കൂട്ടത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here