ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി ജൂണ്‍ ഒന്നുമുതല്‍ നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലൈവായി പ്രക്ഷേപണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഡിസ്സി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മാര്‍ച്ച് നാലിന് ഡിഡ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ യൂട്യൂബ് ചാനലില്‍ ടി20 വേള്‍ഡ് കപ്പിന്റെ പ്രൊമോ അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ആപ്പിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും സൗജന്യമായി ലൈവ് സ്ട്രീം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
2023ലെ ഏഷ്യാ കപ്പ് മത്സരങ്ങളും 2023-ലെ ഏകദിന ലോകകപ്പ് മത്സരങ്ങളും ഡിസ്സി പ്ലസ് ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ ആപ്പില്‍ സൗജന്യമായി പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ 2024 ടി20 വേള്‍ഡ് കപ്പ് വെബിൽ കാണാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതുണ്ട്.
ജൂണ്‍ രണ്ടിന് ഡാലസിലെ ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയത്തില്‍ യുഎസും കാനഡയും തമ്മിലുള്ള മത്സത്തോടെയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ന്യൂയോര്‍ക്കിലെ നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജൂണ്‍ അഞ്ചിന് അയര്‍ലണ്ടുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ വെച്ച് നടക്കും.
20 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആകെ 55 മത്സരങ്ങളാണ് ഉണ്ടാകുക. ടീമുകളെ നാല് സംഘങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. ഓരോ സംഘത്തിലും അഞ്ച് ടീമുകള്‍ ഉണ്ടാകും. ടെസ്റ്റ് മത്സരം കളിക്കുന്ന ടീമുകളെ കൂടാതെ നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ, നെതര്‍ലന്‍ഡ്, നേപ്പാള്‍ എന്നീ രാജ്യങ്ങളും മത്സരത്തിനുണ്ട്. ഓരോ സംഘത്തിലും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സൂപ്പര്‍ എട്ടില്‍ ഉള്‍പ്പെടും.
ഇംഗ്ലണ്ട് ആണ് ടി20 ലോകകപ്പിലെ നിലവിലെ ചാംപ്യന്മാര്‍. പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കിയത്.