തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്ന് നടൻ ജയസൂര്യ.

0
78

തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ലെന്ന് നടൻ ജയസൂര്യ. കലാകാരന്റെ കണ്ണിൽ എല്ലാവരും ഒരുപോലെയാണെന്നും ജയസൂര്യ പറഞ്ഞു. കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു നടൻ.

‘എന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്‍പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്​വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബി ജെ പിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്​വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, ജയസൂര്യ പറഞ്ഞു.

കർഷകരുടെ പണം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൃഷി, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തിൽ വെച്ച് ജയസൂര്യ നടത്തിയ പ്രസംഗം വലിയ വിവാദത്തിനായിരുന്നു വഴിവെച്ചത്. കളമശേരി കാർഷികോത്സവത്തിൽ വെച്ച് കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമർശനം. സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നുമായിരുന്നു ജയസൂര്യയുടെ വാക്കുകൾ.

അതേസമയം നടന്റെ പ്രസ്തവാനയ്ക്കെതിരെ കൃഷി മന്ത്രി അടക്കം രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അത് റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ നടന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണ് ജയസൂര്യ നല്ല അഭിനേതാവാണ്, എന്നാൽ ജനങ്ങളുടെ മുന്നിൽ ജയസൂര്യ അഭിനയിക്കാൻ പാടില്ലായിരുന്നു. കാർഷികോത്സവം പോലൊരു പരിപാടിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു കാര്യം കൊണ്ടുവരുമ്പോൾ അതിൽ അജണ്ടയുണ്ടെന്നാണ് മനസിലാക്കുന്നത്. എന്തുകൊണ്ടാണ് ഒന്നിച്ച് ഇരിക്കുമ്പോൾ പറഞ്ഞ് കൂടായിരുന്നോ എന്ന് ചിന്തിക്കാമെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു’, എന്നായിരുന്നു മന്ത്രി പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here