കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു നഗരത്തിലെ ആദ്യ ഡബിൾ ഡക്കർ ഫ്ലൈഓവർ യാഥാർഥ്യത്തിലേക്ക്. പാതയുടെ 98 ശതമാനം നിർമാണവും പൂർത്തിയായി. 3.3 കിലോമീറ്റർ നീളുന്ന ഫ്ലൈഓവർ മാറനഹള്ളി റോഡിലെ റാഗിഗുഡ്ഡ, സെൻ്റർ സിൽക്ക് ബോർഡ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കും.
ഇതോടെ സൗത്ത് ബെംഗൂരുവിൽനിന്ന് ഐടി നഗരമായ വൈറ്റ്ഫീൽഡിലേക്കുള്ള യാത്ര സംഗമമാകും. ഡബിൾ ഡക്കർ ഫ്ലൈഓവറിലെ ലോവർ ഡക്ക് വാഹന ഗതാഗതത്തിനും അപ്പർ ഡക്ക് നമ്മ മെട്രോയ്ക്കുമാണ്.ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ ഇതാദ്യമായാണ് മെട്രോ ലൈൻ ഫ്ലൈഓവറിന് മുകളിലൂടെ കടന്നുപോകുന്നത്.
രാജസ്ഥാനിലെ ജയ്പുർ, മഹാരാഷ്ട്രയിലെ മുംബൈ, നാഗ്പുർ എന്നിവിടങ്ങളിൽ സമാന നിർമിതിയുണ്ട്. 2021ൽ പൂത്തിയാകേണ്ടിയിരുന്ന പദ്ധതി വിവിധ കാരണങ്ങൾകൊണ്ട് വൈകുകയായിരുന്നു. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡക്കർ ഫ്ലൈഓവർ നിർമാണത്തിൻ്റെ നിർവഹണ ഏജൻസി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ആണ്.
നിലവിലെ റോഡ് നിരപ്പിൽനിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് വാഹന ഗതാഗതത്തിനുള്ള നാലുവരിപ്പാത നിർമിച്ചിരിക്കുന്നത്. ഇതിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ് മെട്രോ ലൈൻ. പുതിയ ഫ്ലൈഓവർ യാഥാർഥ്യമാകുന്നതോടെ റാഗിഗുഡ്ഡ – സെൻ്റർ സിൽക്ക് ബോർഡ് 3.3 കിലോമീറ്റർ യാത്ര സിഗ്നൽ ഫ്രീ ആകും. നിലവിലെ റോഡും അതിനു മുകളിലായി വരുന്ന നാലുവരിപ്പാതയും മേഖലയിൽ ഏറെ തലവേദനയാകുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.