റമദാനില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറച്ച് എഫ്എഎച്ച്ആര്‍ മന്ത്രാലയം

0
66

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വിശുദ്ധ റമദാനില്‍ ജോലി സമയം രണ്ടു മണിക്കൂര്‍ കുറച്ച് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിയമം ബാധകമാണ്.

1445 ഹിജ്‌റ (2024) റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഇന്നലെ മാര്‍ച്ച് 4 തിങ്കളാഴ്ചയാണ് ഉത്തരവ് വന്നത്.കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും റമദാനില്‍ ദൈനംദിന പ്രവൃത്തി സമയം തൊഴിലിന്റെ സ്വഭാവത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി അനുവദിക്കുകയോ സാധ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവാദം നല്‍കുകയോ ചെയ്യാം.പ്രവൃത്തി ദിവസം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) സര്‍ക്കുലറില്‍ അറിയിച്ചു.

മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ വകുപ്പുകള്‍ക്കും ഫ്‌ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ ഏര്‍പ്പെടുത്താന്‍ അനുവാദം നല്‍കും. കഴിഞ്ഞ വര്‍ഷവും റദമാനില്‍ ജോലി സമയം ആറ് മണിക്കൂറായി ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയം ചുരുക്കിയിരുന്നു.നോമ്പ് അനുഷ്ടിക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ജോലി സമയം തുല്യമായിരിക്കും.

ഏഴ് എമിറേറ്റുകള്‍ക്കും മന്ത്രാലയം പ്രഖ്യാപിച്ച തൊഴില്‍ സമയ ഇളവ് ബാധകമാണ്.ഈ വര്‍ഷം, മാര്‍ച്ച് 12 ചൊവ്വാഴ്ച യുഎഇയില്‍ റംസാന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചന്ദ്രനെ കാണുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ ആരംഭിക്കുന്നതിന്റെ കൃത്യമായ തീയതി അധികാരികള്‍ പ്രഖ്യാപിക്കും. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്ട്മെന്റ് (ഐഎസിഎഡി) കലണ്ടര്‍ പ്രകാരവും ചൊവ്വാഴ്ചയാണ് വ്രതാരംഭം.

LEAVE A REPLY

Please enter your comment!
Please enter your name here