ഇറാനിൽ ഇരട്ട സ്ഫോടനത്തിൽ 103 മരണം:

0
86

ഇറാനിലുണ്ടായ  ഇരട്ട സ്ഫോടനത്തിൽ (blasts) 103 പേർ മരിച്ചു. കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ  വാർഷിക ദിനം ആചരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 170 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ-സമാൻ മസ്ജിദിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ഒരു ഭീകരാക്രമണമാണെന്ന് കെർമാൻ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

ആദ്യത്തെ സ്‌ഫോടനം ജനറൽ സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് 700 മീറ്റർ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റർ അകലെയുമാണ്. ഇറാനിൽ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ അനേകംപേർ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടരിലേറെയും എന്നാണ് റിപ്പോർട്ട്.സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് സ്യൂട്ട്‌കേസുകൾ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ചില ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2:50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകൾക്ക് ശേഷവുമാണ് നടന്നത്. 10 മിനിറ്റ് വ്യത്യാസത്തിലാണ് ബോംബുകൾ പൊട്ടിത്തെറിച്ചതെന്ന് കെർമാൻ മേയർ സയീദ് തബ്രിസിയെ ഉദ്ധരിച്ച് ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ സേന തലവനായിരുന്ന ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിൽ വെച്ചാണ് കൊല്ലപ്പെട്ടത്.

ഇറാഖിൽ വച്ച് അമേരിക്കയുടെ ഡ്രോൺ അക്രമണത്തിലൂടെയാണ് ജനറൽ സൊലൈമാനി കൊല്ലപ്പെടുന്നത്. ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തെ കൊന്നത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെട്ടിരുന്നു. നിരവധി മൃതദേഹങ്ങൾ റോഡുകളിൽ കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത ആളുകൾക്ക് മനസിലായത്. ആ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ജനങ്ങൾ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനരികിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here