തൃശൂർ – പൂരത്തിലെ നടത്തിപ്പുമായി ബന്ധപ്പെട്ടു വിവാദങ്ങൾ ഉയരുന്നതിനിടെ, തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കായി ചെറുപൂരം ഒരുക്കാൻ പാറമ്മേൽക്കാവ് ദേവസ്വം മുന്നോട്ട് . 15 ആനകളെയും 200 കലാകാരന്മാർ പങ്കെടുക്കുന്ന വാദ്യമേളവും കൊണ്ട് പൂരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ലക്ഷ്യം. ജനുവരി 3 നാണ് നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത്. പൂരവുമായി ബന്ധപ്പെട്ട സ്റ്റാൾ ഇനത്തിലെ വാടക സംബന്ധിച്ച പ്രതിസന്ധി പ്രധാനമന്ത്രിയുടെ മുന്നിൽ നേരിട്ട് എത്തിക്കാനാണ് നടപടി.
നേരത്തേ തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ഹൈക്കോടതിയിൽ അറിയിക്കുമെന്ന് സർക്കാർ നിലപാടറിയിച്ചു. സൗജന്യമായി ഭൂമി വിട്ട് നൽകണമെന്ന ആവശ്യവുമായാണ് ദേവസ്വങ്ങൾ രംഗത്തെത്തിയത്. ഹൈക്കോടതി കേസ് ജനുവരി നാലിന് പരിഗണിക്കുമ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇരു ദേവസ്വങ്ങളുടെയും തീരുമാനം.