ട്വൻ്റി 20 – ആം ആദ്മി പാർട്ടി സഖ്യം തുടരാൻ അനുനയനീക്കം തുടങ്ങി.

0
90

ട്വൻ്റി 20 – ആം ആദ്മി പാർട്ടി (എഎപി) സഖ്യം അവസാനിപ്പിച്ചെന്ന ട്വൻ്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിൻ്റെ പ്രഖ്യാപനത്തിനു പിന്നാലെ എഎപി അനുനയനീക്കം തുടങ്ങി. സഖ്യം തുടരാൻ എഎപിക്ക് താത്പര്യമുണ്ടെന്ന് എഎപിയുടെ കേരളത്തിൻ്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അജയ് രാജ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോടാണ് അജയ് രാജിൻ്റെ പ്രതികരണം.സഖ്യം അവസാനി പ്പിക്കുന്നു എന്നത് സാബുഎം ജേക്കബിൻ്റെ മാത്രം തീരുമാനമാണ്. അദ്ദേഹത്തിന് വലിയ അവസരമുണ്ട്. തുടർചർച്ചകൾക്കുള്ള തീരുമാനം അരവിന്ദ് കെജ്രിവാളി ൻ്റേതാണ്. എഎപിയുടെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. സാബു എം ജേക്കബിൻ്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണെന്നും അജയ് രാജ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം മെയിൽ കിഴക്കമ്പലത്തുനടന്ന ‘ജനസംഗമ’ത്തിലാണ് ട്വൻ്റി 20 – എഎപി സഖ്യ പ്രഖ്യാപന മുണ്ടായത്. ‘ജനക്ഷേമ സഖ്യം’ എന്നായിരുന്നു പേര് നൽകിയിരുന്നത്. എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും ചേർന്നായിരുന്നു സഖ്യം പ്രഖ്യാപിച്ചത്.

കേരളം പിടിക്കുകയാണ് ജനക്ഷേമ സഖ്യത്തിൻ്റെ ലക്ഷ്യമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്.അതിനിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എഎപി സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനം ട്വൻ്റി 20യെ ചൊടിപ്പിച്ചിരുന്നു. ഉത്തരേന്ത്യൻ പ്രചാരണരീതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് സാബു എം ജേക്കബ് തുറന്നടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിനായി രൂക്ഷമായ ആയുധങ്ങൾ പുറത്തെടുക്കുന്ന ചിന്താഗതിക്കെതിരാണെന്നും സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു.ഒന്നര വർഷം മാത്രം നീണ്ടുനിന്ന സഖ്യം അവസാനിപ്പിക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് സാബു എം ജേക്കബ് അറിയിച്ചത്.

ഒന്നര വർഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സാബു എം ജേക്കബിൻ്റെ പ്രഖ്യാപനം. അതേസമയം 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സംസ്ഥാനത്ത് പ്രവർത്തനം നടത്തുന്നത്. ഇതിനു മുന്നോടിയായി ട്വൻ്റി 20യെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് തുടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here