തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മറ്റുചില കാര്യങ്ങളിൽ വളരെയധികം ഉത്സാഹത്തോടെ കേസെടുക്കുന്ന വനിതാ കമ്മീഷൻ, സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ പാലിക്കുന്ന മൗനം അതിശയിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെ കൊടുത്ത കേസിന്റെ അവസ്ഥയിൽ ഇപ്പോൾ നിരാശയുണ്ടെന്നും സൈബർ പൊലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അച്ചു ഉമ്മൻ പറയുന്നു. ഇക്കാര്യത്തിൽ അതിശയിപ്പിച്ചത് വനിതാ കമ്മീഷന്റെ നിലപാടാണെന്നും എല്ലാ തെളിവുകളും സഹിതം പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടി പോലും കിട്ടിയില്ലെന്നും അച്ചു ഉമ്മൻ പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അച്ചു ഉമ്മന്റെ തുറന്നുപറച്ചിൽ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായത്. സൈബർ പൊലീസിനും പൂജപ്പുര പൊലീസിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സ്ത്രീത്വത്തെയും തന്റെ ജോലിയെയും അപമാനിക്കുകയും, നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണെന്നും പരാതിയിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനെതിരായ തെളിവുകളും അച്ചു ഉമ്മൻ പൊലീസിന് കൈമാറിയിരുന്നു.