ലഖ്നൗ: ഒരു സെഞ്ച്വറിയകലെ രണ്ട് ഇതിഹാസങ്ങളുടെ റെക്കോർഡാണ് ഇന്ത്യന്‍ താരം വിരാട് കോലിക്ക് മുന്നിലുള്ളത്. സച്ചിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും അപൂർവ റെക്കോർഡ് ലക്ഷ്യമിട്ടാണ് കോലി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. സെഞ്ച്വറികളിൽ സെഞ്ച്വറി തികച്ച സച്ചിൻ ടെന്‍ഡുൽക്കറുടെ ഏകദിന റെക്കോർഡിന് തൊട്ടടുത്താണ് വിരാട് കോലി.
സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികൾ. ഇംഗ്ലണ്ടിനെതിരെ കോലി നൂറിലെത്തിയാൽ ഇതിഹാസത്തിനൊപ്പം കിംഗ് കോലിക്കും ഇരിപ്പിടം ഉറപ്പിക്കാം. സെഞ്ച്വറി നേടുന്നതിനൊപ്പം ജയം കുറിക്കുന്നതാണ് വിരാട് കോലിയുടെ പതിവ്. ഒരു സെഞ്ച്വറി കൂടി ജയത്തിലെത്തിച്ചാൽ സാക്ഷാൽ റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പവുമെത്താം.
മൂന്ന് ഫോർമാറ്റിലുമായി 71 സെഞ്ച്വറി നേടിയ പോണ്ടിംഗ് 55 എണ്ണത്തിൽ ജയിച്ചാണ് റെക്കോർഡ് പേരിലെഴുതിയത്. 78 സെഞ്ച്വറി നേടിയ കോലിക്ക് 54ൽ ജയിക്കാനായി. ഒരെണ്ണം കൂടി വിജയത്തിലെത്തിച്ചാൽ പോണ്ടിംഗിനൊപ്പം. ഈ ലോകകപ്പിൽ 354 റൺസുമായി റൺവേട്ടയിൽ രണ്ടാംസ്ഥാനത്താണ് കോലി.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ കോലി സച്ചിന്‍റെ റെക്കോര്‍ഡിന് അരികെ എത്തിയിരുന്നു. 95 റണ്‍സെടുത്തു നില്‍ക്കെ വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തിലാണ് കോലി പുറത്തായത്. ടെസ്റ്റില്‍ 29ഉം ഏകദിനത്തില്‍ 49ഉം ടി20യില്‍ ഒരു സെഞ്ചുറിയുമാണ് കോലിയുടെ പേരിലുള്ളത്. ഈ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ 85 റണ്‍സടിച്ചാണ് വിരാട് കോലി റണ്‍വേട്ട തുടങ്ങിയത്.
രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 55 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലി പാകിസ്ഥാനെതിരെ 16 റണ്‍സെടുത്ത് പുറത്തായി.ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി വിജയ സിക്സറിലൂടെയാണ് 48-ാം സെഞ്ചുറിയിലെത്തിയത്. ന്യൂസിലന്‍ഡിനെതിരെയും വിജയ സിക്സിലൂടെ സെഞ്ചുറിയിലെത്താന്‍ അവസരമുണ്ടായിരുന്നു കോലിക്ക് മുന്നില്‍. 95 റണ്‍സില്‍ നില്‍ക്കെ മാറ്റ് ഹെന്‍റിയുടെ പന്തില്‍ സിക്സിന് ശ്രമിച്ച കോലിയെ ഗ്ലെന്‍ ഫിലിപ്സ് ക്യാച്ചെടുത്ത് പുറത്താക്കി.