നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ വില വർദ്ധിക്കുന്നു.

0
99

അടിസ്ഥാന പ്ലാനിന്റെ വില പ്രതിമാസം 9.99 ഡോളറില്‍ നിന്നും 11.99 ആയും അതിന്റെ പ്രീമിയം പ്ലാനിന്റെ വില പ്രതിമാസം 19.99 ഡോളറില്‍ നിന്ന് 22.99 ഡോളറായും വര്‍ദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും പുതിയ വിലവര്‍ദ്ധന യുഎസ്, യുകെ, ഫ്രാന്‍സ് വിപണികളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലും ഫ്രാന്‍സിലുമുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ ബേസിക്, പ്രീമിയം പ്ലാനുകള്‍ക്കുള്ള വിലകളാണ് വര്‍ദ്ധിക്കുന്നത്. അതേസമയം പരസ്യ പിന്തുണയുള്ളതും സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളുടെയും വില മാറ്റമില്ലാതെ തുടരും.

വില വര്‍ദ്ധനവ് അതിന്റെ കണ്ടന്റ് ലൈബ്രറി വളര്‍ത്താനും മികച്ച സ്രഷ്ടാക്കളുമായി പങ്കാളിയാകാനും ടിവി ഷോകള്‍, സിനിമകള്‍, ഗെയിമുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ മൂല്യവത്തായ ബിസിനസ്സ് കെട്ടിപ്പടുക്കാനും സഹായിക്കുമെന്നാണ് നെറ്റ്ഫ്‌ലിക്‌സ് പറയുന്നത്. 2022 ജനുവരിയിലാണ് നെറ്റ്ഫ്‌ലിക്‌സ് അവസാനമായി വില ഉയര്‍ത്തിയത്. ജൂലായില്‍ പുതിയ ഉപയോക്താക്കള്‍ക്കും മടങ്ങിവരുന്ന ഉപയോക്താക്കള്‍ക്കും അതിന്റെ 9.99 ഡോളര്‍ അടിസ്ഥാന പരസ്യരഹിത പ്ലാന്‍ നല്‍കുന്നതും കമ്പനി നിര്‍ത്തിയിരുന്നു. പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് കൂടുതല്‍ പണം നല്‍കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. അതേസമയം, വില വര്‍ദ്ധനയില്‍ നിന്ന് ഇന്ത്യയെ നെറ്റ്ഫ്‌ലിക്‌സ് ഒഴിവാക്കുന്നതായാണ് റിപ്പോര്‍ട്ട്. കമ്പനി ഇപ്പോഴും ഇന്ത്യയില്‍ ഉപയോക്തൃ അടിത്തറ വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു വരികയാണ്. അതിനാല്‍ കമ്പനി ഇന്ത്യയെ വില വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കി.

‘ഞങ്ങളുടെ അംഗങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ മൂല്യം നല്‍കുമ്പോള്‍, കുറച്ച് കൂടുതല്‍ പണം നല്‍കാന്‍ ഞങ്ങള്‍ ഇടയ്ക്കിടെ അവരോട് ആവശ്യപ്പെടുന്നു. ഞങ്ങളുടെ പ്രാരംഭ വില മറ്റ് സ്ട്രീമറുകളുമായി വളരെ മത്സരാധിഷ്ഠിതമാണ്, യുഎസില്‍ പ്രതിമാസം 6.99 ഡോളറാണ്. ഉദാഹരണത്തിന്, ഇത് ഒരു സിനിമാ ടിക്കറ്റിന്റെ ശരാശരി വിലയേക്കാള്‍ വളരെ കുറവാണ്, ”നെറ്റ്ഫ്‌ലിക്‌സ് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള കത്തില്‍ പറയുന്നു. ആഗോളതലത്തില്‍ പാസ്വേഡ് പങ്കിടുന്നതും നെറ്റ്ഫ്‌ലിക്‌സ് തടയുന്നു. ഓരോ കുടുംബത്തിനും അവരുടേതായ പ്ലാന്‍ ആവശ്യമാണ്. ഈ നീക്കത്തിലൂടെ അതിന്റെ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു എന്നാണ് കമ്പനിയുടെ സമീപകാല റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

പാസ്വേഡ് പങ്കിടല്‍ നിര്‍ത്തലാക്കിയതോടെ പ്രതീക്ഷിച്ചതിലും കുറച്ച് ഉപഭോക്താക്കള്‍ അവരുടെ അംഗത്വങ്ങള്‍ റദ്ദാക്കിയതായി നെറ്റ്ഫ്‌ലിക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍  മുമ്പ് മറ്റുള്ളവരില്‍ നിന്ന് പാസ്വേഡുകള്‍ കടമെടുത്ത നിരവധി ഉപഭോക്താക്കള്‍ മുഴുവന്‍ പണമടയ്ക്കുന്ന വരിക്കാരായി മാറിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here