കൊച്ചി മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. രാത്രിയില്‍ വഴിതെറ്റി വന്ന് സ്‌കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം. പുതുവൈപ്പ് സ്വദേശി കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തി.
പുഴയില്‍ ഇരുചക്രവാഹനം വീണുകിടക്കുന്ന നിലയില്‍ നാട്ടുകാരാണ് കണ്ടത്. ഇന്‍ഡിക്കേറ്റര്‍ കത്തിനില്‍ക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടറിന്റെ കിടപ്പ്. ഉടന്‍തന്നെ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇതിനിടെ നാട്ടുകാര്‍ കടത്തുവഞ്ചിയില്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ രാത്രിയോടെത്തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തി.
വെള്ളിയാഴ്‌ച പുലര്‍ച്ചെയോടെയാണ് ആസാദിന്റെ മൃതദേഹം ലഭിച്ചത്. സ്‌കൂട്ടറിന്റെ ഉടമ ആസാദായിരുന്നു. തിരച്ചിലിൽ ആദ്യം ലഭിച്ച മൃതദേഹം കെവിന്റേതായിരുന്നു. എന്നാൽ മറ്റൊരാൾ കൂടി അപകടത്തിൽപ്പെട്ടുവെന്ന നിഗമനത്തെ തുടർന്ന് പുലർച്ചെ വരെ തിരച്ചിൽ തുടരുകയായിരുന്നു.
അടുത്തിടെ എറണാകുളത്ത് സമാന രീതിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായിരുന്നു. രാത്രിയിൽ വഴി തെറ്റിയ ഇവർ മുന്നറിയിപ്പ് ബോർഡുകൾ ഒന്നും കാണാതെ നേരെ പുഴയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.