
ഹൈദരാബാദില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 344 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ അതു ചേസ് ചെയ്യുമെന്നു കടുത്ത ആരാധകര്‍ക്കു പോലും പ്രതീക്ഷയില്ലായിരുന്നു. പക്ഷെ അബ്ദുള്ള ഷഫീഖിന്റെയും (113) മുഹമ്മദ് റിസ്വാന്റെയും (131*) കിടിലന്‍ ഞ്ച്വെറികള്‍ അവിശ്വസനീയമെന്നു കരുതിയ ടോട്ടല്‍ ചേസ് ചെയ്യാന്‍ പാക് പടയെ സഹായിക്കുകയായിരുന്നു.
കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുകളിലൊന്നായിരുന്നു റിസ്വാന്‍ കാഴ്ചവച്ചത്.
121 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പാകിസ്താന്‍ ആറു വിക്കറ്റിനു ജയിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റിസ്വാനായിരുന്നു. പക്ഷെ താരത്തിന്റെ ഇന്നിങ്‌സിനെക്കുറിച്ച് ആരാധകരില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ആരാധകര്‍ ഇന്നിങ്‌സിനെ വാനോളം പ്രശംസിക്കുമ്പോള്‍ മറ്റൊരു വിഭാഗം പരിഹാസവുമായി രംഗത്തു വന്നിരിക്കുകയാണ്.ഇന്നിങ്‌സിനിടെ റിസ്വാന്‍ ഒരു തവണ ബാറ്റിങിനിടെ കാല്‍പേശിയുടെ പരിക്കു കാരണം പിച്ചില്‍ പ തവണ വീണിരുന്നു. തുടര്‍ന്നു ലങ്കന്‍ വിക്കറ്റ് കീപ്പറടക്കം അടുത്തു വരികയും ചെയ്തിരുന്നു.
പക്ഷെ ഇതിനു ശേഷം റിസ്വാന്‍ ബാറ്റിങ് തുടരുകയും പുറത്താവാതെ 131 റണ്‍സോടെ പാക് വിജയം പൂര്‍ത്തിയാക്കുകയുമായിരുന്നു. സിംഗിളുകളും ഡബിളുകളും അതോടൊപ്പം വലിയ ഷോട്ടുകളുമെല്ലാം താരത്തിന്റെ ഇന്നിങ്‌സലുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റ് വീണ് പുളഞ്ഞിട്ടും പിന്നീട് ഇത്ര അനായാസം റിസ്വാന്‍ എങ്ങനെ സിംഗിളും ഡബിളുമെല്ലാം അനായാസം ഓടിയെടുത്തുവെന്നാണ് ആരാധകരുടെ സംശയം.പരിക്കേറ്റതായി റിസ്വാന്‍ അഭിനയിക്കുകയായിരുന്നുവെന്നും യഥാര്‍ഥത്തത്തില്‍ പരിക്കേറ്റിരുന്നെങ്കില്‍ ഈ തരത്തില്‍ ദീര്‍ഘനേരം ക്രീസില്‍ തുടരാനും വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാനും സാധിക്കില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മല്‍സരശേഷം കമന്റേറ്റര്‍മാര്‍ പരിക്കിനെക്കുറിച്ചു ചോദിച്ചപ്പോല്‍ രസകരമായ മറുപടിയായിരുന്നു റിസ്വാന്‍ നല്‍കിയത്.
ചില സമയങ്ങളില്‍ തനിക്കു പേശീവലിവ് ഉണ്ടായിരുന്നുവെന്നും ചിലപ്പോള്‍ താന്‍ അങ്ങനെ അഭിനയിക്കുക ആയിരുന്നുവെന്നുമായിരുന്നു ചിരിയോടെയുള്ള റിസ്വാന്റെ പ്രതികരണം. റിസ്വാന്റെ ഈ മറുപടിക്കു പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയും ചെയ്യുകയായിരുന്നു. ഫവാദ് ഖാനേക്കാള്‍ നല്ല നടനാണ് മുഹമ്മദ് റിസ്വാന്‍. അതിശയിപ്പിക്കുന്ന കാര്യം മുഹമ്മദ് റിസ്വാനെന്ന നടന്‍ അതിവേഗത്തില്‍ വിക്കറ്റുകള്‍ക്കിടയിലൂടെ ഡബിളിനായി ഓടുകയും ഡൈവ് ചെയ്യുകയുമെല്ലാം ചെയ്തുവെന്നതാണ്. നടന്‍മാരായാല്‍ ഇങ്ങനെ വേണമെന്നും ആരാധകര്‍ റിസ്വാനെ പരിഹസിക്കുന്നു.
മുഹമ്മദ് റിസ്വാന്‍ വളരെ മികച്ചൊരു നടനാണ്. ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ എത്ര ഗംഭീരമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. കാണികളുടെ അനുകമ്പ പിടിച്ചുപറ്റാന്‍ കഴിഞ്ഞുവെന്നത് റിസ്വാന്റെ അഭിനയത്തിന്റെ മികവ് തന്നെയാണ്. ഇത്ര നല്ലൊരു നടനെ ആരും കണ്ടില്ലെന്നു നടിക്കരുത്.ബോളിവുഡ് സിനിമയിലേക്കു അദ്ദേഹത്തെ കൊണ്ടുവരണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. ഈ തലമുറയിലെ ഏറ്റവും മികച്ച നടന്‍ മുഹമ്മദ് റിസ്വാന്‍ തന്നെയാണ്. അത്രയും സ്വാഭാവികമായിട്ടായിരുന്നു കളിക്കളത്തില്‍ അദ്ദേഹത്തിന്റെ അഭിനയമെന്നും ആരാധകര്‍ പറയുന്നു.
ആദ്യം ബാറ്റ് ചെയ്ത ലങ്ക കുശാല്‍ മെന്‍ഡിസിന്റെയും (122) സദീര സമരവിക്രമയുടെയും (108) അതിവേഗ സെഞ്ച്വറികളുടെ കരുത്തിലാണ് ഒമ്പതു വിക്കറ്റിനു 344 റണ്‍സെന്ന വന്‍ ടോട്ടലിലെത്തിയത്. വെറും 77 ബോളിലാണ് 14 ഫോറും ആറു സിക്‌സറുമടക്കം മെന്‍ഡിസ് 122 റണ്‍സ് വാരിക്കൂട്ടിയത്. പതും നിസങ്കയാണ് (51) മറ്റൊരു പ്രധാന സ്‌കോറര്‍. മറുപടിയില്‍ രണ്ടിന് 37 റണ്‍സെന്ന നിലയില്‍ പാക് ടീം പതറിയെങ്കിലും ഷഫീഖ്- റിസ്വാന്‍ എന്നിവര്‍ ചേര്‍ന്ന് 176 റണ്‍സിന്റെ വന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ലങ്കയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.