‘കാത്തിരിപ്പിന്റെ കത്ത്’; ഇന്ന് ലോക തപാല്‍ ദിനം.

0
52

മൊബൈലും, ഇമെയിലും മറ്റ് സാങ്കേതിക വിദ്യകളുമൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത് ദൂര ദിക്കുള്ള ആളുകൾ പരസ്‌പരം ബന്ധപ്പെട്ടിരുന്നത് കത്തുകളിലൂടെയായിരുന്നു. ജനനവും, മരണവും, പ്രണയവും വരെയുള്ള ജീവിതത്തിലെ പല നിർണായക കാര്യങ്ങളും ആ കടലാസ് കഷ്‌ണങ്ങളിലൂടെ ആളുകൾ കൈമാറി. ഇന്ന് അതിന്റെ ഓർമ്മ പുതുക്കാൻ കൂടിയുള്ള ദിവസമാണ്‌, ലോക തപാൽ ദിനം.

ലോകമെമ്പാടും എല്ലാ വര്‍ഷവും ഒക്ടോബര്‍ 9ന് ലോക തപാല്‍ ദിനം ആചരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോസ്‌റ്റ് ഓഫീസിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ദിനാചരണം ലക്ഷ്യമിടുന്നത്. ആഗോള പോസ്‌റ്റല്‍ യൂണിയന്റെ (Universal Postal Union) സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്.

1894 ഒക്ടോബര്‍ 9ന് സ്വിറ്റ്സര്‍ലന്‍ഡിലാണ് ആഗോള പോസ്‌റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്‌തു.

ആഗോളതലത്തില്‍ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അതിന്റെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണ ലക്ഷ്യം. തപാല്‍ സേവനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും, ആഗോളപുരോഗതിയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാല്‍ ദിനം ആചരിക്കുന്നത്.

1800 കളുടെ അവസാനത്തിലാണ് ആഗോള തപാല്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്‌റ്റല്‍ യൂണിയന്‍ 1874ല്‍ രൂപീകരിച്ചത്. 1948ല്‍ യൂണിവേഴ്‌സല്‍ പോസ്‌റ്റല്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായി.

150ലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. ചില രാജ്യങ്ങളില്‍ അവധിദിനമാണ്. പുതിയ തപാല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഈ ദിവസം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

സ്‌റ്റാമ്പുകളുടെ പ്രദര്‍ശനവും പുതിയ സ്‌റ്റാമ്പുകളുടെ അവതരണവും ലോക തപാല്‍ ദിനത്തില്‍ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നു. മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി വരുന്നു. കൂടാതെ സെമിനാറുകളും മറ്റ് ആഘോഷപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍, ആദ്യത്തെ ഔദ്യോഗിക തപാല്‍ സ്‌റ്റാമ്പ് 1947 നവംബര്‍ 21ന് പുറത്തിറങ്ങി. സ്‌റ്റാമ്പില്‍ ദേശസ്‌നേഹികളുടെ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യവും ഇന്ത്യന്‍ പതാകയും ചിത്രീകരിച്ചിരുന്നു. 2023ലെ ലോക തപാല്‍ ദിനത്തിന്റെ സന്ദേശം “വിശ്വാസത്തിനായി ഒരുമിച്ച്: സുരക്ഷിതവും പരസ്‌പരം ബന്ധിപ്പിച്ചതുമായ ഭാവിക്കായി സഹകരിക്കുന്നു” എന്നതാണ്.

സാര്‍വത്രിക തപാല്‍ യൂണിയന്‍ സ്ഥാപിതമായ തീയതിയുടെ സ്‌മരണയ്ക്കായി ജപ്പാനിലെ ടോക്കിയോയില്‍ 1969 ലെ യുപിയു കോണ്‍ഗ്രസിലാണ് ലോക തപാല്‍ ദിനം ആരംഭിച്ചത്. തപാല്‍ സേവനങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് ആഗോളതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here