അമേരിക്കയിലെ അപൂർവങ്ങളിൽ അപൂർവമായ 10,000 ഡോളറിന്റെ (8.32 ലക്ഷം രൂപ) നോട്ട് ലേലത്തിൽ വിറ്റത് 4 കോടി രൂപക്ക്. ബാങ്കിന്റെ കൈവശമുണ്ടായിരുന്ന റിസേർവ് നോട്ടാണ് ഇത്രയും വലിയ തുകക്ക് വിറ്റത്. 1934 ലെ നോട്ടാണിത്. മാന്ദ്യ കാലഘട്ടത്തിൽ (Great Depression Era) നിലവിലുണ്ടായിരുന്ന നോട്ടാണ് ഇത്. സാധാരണ നോട്ടുകളിൽ ഉണ്ടാകാറുള്ളതു പോലെ അമേരിക്കൻ പ്രസിഡന്റിന്റെ ഛായാചിത്രം ഇതിൽ ഇല്ല. പകരം, അന്നത്തെ പ്രസിഡൻറ് എബ്രഹാം ലിങ്കന്റെ ട്രഷറി സെക്രട്ടറി സാൽമൺ പി ചേസിന്റെ ചിത്രമാണ് ഈ നോട്ടിൽ ഉള്ളത്.
അക്കാലത്ത് അമേരിക്കയിൽ ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള നോട്ടായിരുന്നു 10,000 ഡോളറിന്റേത്. എന്നാൽ ഇവ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരുന്നില്ല. ഫെഡറൽ റിസർവ് ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക കൈമാറ്റങ്ങൾക്കു വേണ്ടി മാത്രമാണ് ഈ കറൻസി ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ ലേലസ്ഥാപനമായ ഹെറിറ്റേജ് ഓക്ഷൻസ് (Heritage Auctions) ദല്ലാസിൽ വെച്ചു നടത്തിയ ലേലത്തിലാണ് നാലു കോടി രൂപയ്ക്ക് ഈ നോട്ട് വിറ്റത്.
ഈ അപൂർവ കറൻസിയുടെ ഒരു വീഡിയോയും ഹെറിറ്റേജ് ഓക്ഷൻസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ”മികച്ച ഗുണനിലവാരമുള്ള പേപ്പറിലാണ് ഈ നോട്ട് അച്ചടിച്ചിരിക്കുന്നത്. ഇത് ഇന്നലെ പുറത്തിറക്കിയതു പോലെ തോന്നുന്നു. ഈ നോട്ട് 100 വർഷത്തിലേറെയായി ഇതുപോലെ തന്നെ നിലനിൽക്കുന്നത് ഒരു അത്ഭുതം തന്നെയാണ്”, വീഡിയോയ്ക്കൊപ്പം ഹെറിറ്റേജ് ഓക്ഷൻസ് കുറിച്ചു.
വലിയ മൂല്യമുള്ള നോട്ടുകൾ ശേഖരിക്കാൻ പലപ്പോഴും കൂടുതലാളുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഹെറിറ്റേജ് ഓക്ഷൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. 2020 സെപ്റ്റംബറിലാണ് ഇതിനു മുൻപ് 10,000 ഡോളറിന്റെ നോട്ട് ഏറ്റവും കൂടുതൽ തുകക്ക് വിറ്റത്. 384,000 ഡോളറിന് (3.19 ലക്ഷം രൂപ) ആയിരുന്നു അത്. 1934 ലെ ഈ നോട്ട് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ഉപയോഗം കുറവായതിനാൽ, 500 ഡോളറിന്റെ നോട്ടും (41,000 രൂപ) അതിലും ഉയർന്ന മൂല്യമുള്ള നോട്ടുകളും 1969-ൽ രാജ്യത്ത് നിർത്തലാക്കിയിരുന്നു. മുൻ പ്രസിഡന്റ് ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ ഛായാചിത്രമുള്ള 100 ഡോളറിന്റെ (8,321 രൂപ) നോട്ടാണ് അമേരിക്കയിൽ ഇപ്പോൾ പ്രചാരത്തിലുള്ള ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി.