കോട്ടയം: പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളത്. എൻഎസ്എസ് പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്ന് അർത്ഥമില്ല’- പ്രസ്താവനയിൽ പറയുന്നു.
മിത്ത് വിവാദത്തിന്റെയും നാമജപഘോഷയാത്രയുടെയും പശ്ചാത്തലങ്ങളിൽ പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണക്കുമെന്നാണ് വാർത്ത വന്നത്. രണ്ടുദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു.
സമദൂരം ഉപേക്ഷിച്ച് എൻഎസ്എസ് പുതുപ്പള്ളിയിൽ ബിജെപിയെ പിന്തുണക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാമ് എൻഎസ്എസ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.