ജയ് ഭീം സിനിമയ്‌ക്കെതിരെ ഹർജി;

0
81

ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ചിത്രത്തിൽ കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് കുറവൻ ജനക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കെ. മുരുകേശനാണ് ഹർജി സമർപ്പിച്ചത്. ഇതിനുമുമ്പ് മുരുകേശൻ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുറവർ വിഭാഗം നേരിട്ട പ്രശ്നം ഇരുളർ വിഭാഗത്തിന്റെ പ്രശ്നമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ മുരുകേശൻ ആരോപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. ഹേമലത, സിനിമയിലെ നായകനായ സൂര്യയിൽനിന്നും സംവിധായകനിൽനിന്നും വിശദീകരണം ആവശ്യപ്പെടുകയും കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റുകയുമായിരുന്നു.

തമിഴ്‌നാട്ടിലെ ഇരുളര്‍ വിഭാഗം നേരിടുന്ന ജാതീയമായ പീഡനങ്ങളും അടിച്ചമര്‍ത്തലുകളും അവകാശത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം. സൂര്യ, ലിജോ മോള്‍ ജോസ്, രജീഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. 2021 നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here