രജനികാന്തിന് പിന്തുണയുമായി തമിഴ്നാട് ബി.ജെ.പി

0
60

ലഖ്‌നൗ സന്ദർശനത്തിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ടെന്ന വിവാദത്തിൽപ്പെട്ട സൂപ്പർസ്റ്റാർ രജനികാന്തിന് പിന്തുണയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബഹുമാന സൂചകയാണ് രജനികാന്ത് യോഗിയുടെ കാലിൽ തോട്ടതെന്നും, അതിൽ എന്താണ് തെറ്റെന്നും ബിജെപി നേതാവ് ചോദിച്ചു.

“യോഗി ജി ഗോരഖ്പൂർ മഠത്തിന്റെ തലവനാണ്. ഉത്തർപ്രദേശിലെ ആളുകൾ അദ്ദേഹത്തെ ‘മഹാരാജ്’ എന്നാണ് വിളിക്കുന്നത്. അപ്പോൾ, രജനികാന്ത് കാലിൽ വീണാൽ, അതിൽ എന്താണ് കുഴപ്പം? ഇതിനർത്ഥം ഒരാൾ മറ്റൊരാളേക്കാൾ താഴ്ന്നവനല്ല. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജനികാന്ത് ബഹുമാനിക്കുന്നുവെന്നും യോഗിയോടുള്ള തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത് “- അണ്ണാമലൈ പറഞ്ഞു.

ജോലിയില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ മന്ത്രിയായ അൻബിൽ മഹേഷിൽ നിന്ന് 20 രൂപ കൈപ്പറ്റാൻ ഒരാളുടെ കാലിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും, തമിഴ്‌നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാൽക്കൽ വീഴുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.

“മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാലിൽ മന്ത്രിമാർ വീഴുന്ന കാഴ്ചയാണ് നമ്മൾ ഈയിടെ കാണുന്നത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാൾ സീനിയറായ ഒരു എം.എൽ.എ നിയമസഭയിൽ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ല?” അണ്ണാമലൈ ചോദിച്ചു.

യോഗി ആദിത്യനാഥിനെ കണ്ടതിന് ശേഷം സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവുമായും രജനികാന്ത് കൂടിക്കാഴ്ച നടത്തിയതായും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി രജനികാന്തിന് ഊഷ്മളമായ ബന്ധമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ പാദങ്ങളിൽ സ്പർശിച്ച രജനീകാന്തിന്റെ പ്രവൃത്തി ഒരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു, തന്നേക്കാൾ പ്രായം കുറഞ്ഞ ഒരാളുടെ പാദങ്ങളിൽ സ്പർശിച്ചതിന് ചിലർ അദ്ദേഹത്തെ വിമർശിച്ചു. യോഗി ആദിത്യനാഥിന്റെ പാർട്ടിയായ ബി.ജെ.പിയോടുള്ള രജനികാന്തിന്റെ കൂറ് വെളിപ്പെടുത്തിയതായി മറ്റു ചിലർ അവകാശപ്പെട്ടു. അതേസമയം യോഗികളോടോ സന്യാസിമാരോടോ അവരുടെ കാലിൽ തൊട്ട് ബഹുമാനം കാണിക്കുന്നത് പണ്ടേയുള്ള ശീലമാണെന്ന്” തമിഴ് സൂപ്പർസ്റ്റാർ പിന്നീട് വിശദീകരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here