ദില്ലി: ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പുതിയ ക്രിമിനല്‍ നിയമങ്ങൾ അവതരിപ്പിച്ച് കൊണ്ട് അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള പുതിയ ബില്ലിൽ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കൃത്യമായി നിര്‍വചിച്ച് ശിക്ഷ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.
വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കൽ എന്നാണ് നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനം. ഇപ്പോഴത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലാണ് ഈ നിർവചനം ഉള്ളത്. ഇതിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാൽ പുതിയതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിതയിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നതാണ് ഈ വകുപ്പ് പറയുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കാം.
രാജ്യദ്രോഹ കുറ്റം കാലഹരണപ്പെട്ടതാണെന്നും കേസെടുക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മെയ് 11ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭേദഗതികളോടെ രാജ്യദ്രോഹ കുറ്റം നിലനിര്‍ത്താമെന്നാണ് നിയമ കമ്മീഷൻ ശുപാര്‍ശ ചെയ്തത്. ഫലത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുറച്ചുകൂടി കൃത്യമായ നിര്‍വചനം നല്‍കി ശിക്ഷ കൂട്ടുകയാണ് പുതിയ ബില്ലില്‍ ചെയ്തിട്ടുള്ളത്.