യുകെയില്‍ വിദേശ വിദ്യാർത്ഥികള്‍ക്ക് അനുവദിക്കുന്ന പഠന വിസകളില്‍ കുറവുണ്ടായതായി റിപ്പോർട്ട്.

0
75

ഹോം ഓഫീസ് ഡാറ്റ വിഭാഗത്തില്‍ നിന്നുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2023-ൽ, മെയിന്‍ അപേക്ഷകർക്ക് 4,57,673 പഠന വിസകൾ അനുവദിച്ചു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം കുറവാണ്. അതേസമയം 2023 ലേത് ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. ഇത് 2019-ലെ പാൻഡെമിക് വർഷത്തേക്കാൾ 70 ശതമാനം കൂടുതലാണെന്നും ഹോം ഡിപ്പാർട്ട്മെന്റ് അറിയിക്കുന്നു.

2022 നെ അപേക്ഷിച്ച് 14 ശതമാനം കുറവുണ്ടായിട്ടും, മെയിന്‍ അപേക്ഷകർക്ക് നൽകുന്ന പഠന വിസകളുടെ ഏറ്റവും വലിയ വിപണി എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. മൊത്തം 1,20,110 സ്റ്റുഡൻ്റ് വിസകൾ ഇന്ത്യക്കാർക്ക് 2023 ല്‍ ലഭിച്ചു. ഇത് 2023 ല്‍ യുകെ മൊത്തത്തില്‍ അനുവദിച്ച എല്ലാ വിസകളുടെയും നാലിലൊന്ന്, അതായത് 26.2 ശതമാനമാണ്.

ഏകദേശം 1,09,564 സ്റ്റഡി പെർമിറ്റുകൾ നേടിയെടുത്ത ചൈനയാണ് രണ്ടാം സ്ഥാനത്താണ്. മുൻവർഷത്തെ അപേക്ഷിച്ച് ചൈനീസ് വിദ്യാർത്ഥികള്‍ക്ക് അനുവദിക്കുപ്പെട്ട വിസകളുടെ എണ്ണത്തില്‍ ഏകദേശം 6 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42,167 വിസകൾ നേടിയെടുത്തുകൊണ്ട് ഏകദേശം 28 ശതമാനം കുറവുണ്ടായിട്ടും നൈജീരിയ മൂന്നാം സ്ഥാനം നേടി.

നൈജീരിയയ്ക്ക് പിന്നാലെ പാക്കിസ്ഥാനും (31,165), യു എസ് എയുമാണ് (14,633) നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. മുൻ കലണ്ടർ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരു രാജ്യങ്ങളും വിസകളുടെ എണ്ണത്തില്‍ വർധന രേഖപ്പെടുത്തി. 2023-ൽ മൊത്തം 6,01,000 സ്‌പോൺസേർഡ് സ്റ്റഡി വിസകൾ ഇഷ്യൂ ചെയ്‌തതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം 6,19,000 പേർക്കായിരുന്നു വിസ അനുവദിച്ചത്. 2022 നെ അപേക്ഷിച്ച് 2023 ലെ കണക്കുകളില്‍ 3 ശതമാനത്തിന്റെ കുറവുണ്ട്.

അതേസമയം, അടുത്തിടെ ശക്തമായ നിയന്ത്രണമാണ് യുകെ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തില്‍ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യുകെ ഇമിഗ്രേഷൻ നിയമത്തിലെ മാറ്റങ്ങളിൽ വിദ്യാർത്ഥികളെ അവരുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതിൽ നിന്ന് തടയുന്ന നിയമങ്ങള്‍ ഉള്‍പ്പെടേയാണുള്ളത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പങ്കാളിയെയോ കുട്ടികളെയോ ആശ്രിത വിസയിൽ കൊണ്ടുവരാൻ അനുവദിക്കില്ല. പിഎച്ച് ഡി വിദ്യാർത്ഥികള്‍ക്കും ബിരുദാനന്തര വിദ്യാർത്ഥികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. കൂടാതെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ട് ലക്ഷ്യമിട്ട് മറ്റ് പല തരത്തിലുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. കാനഡ നടപ്പിലാക്കിയത് പോലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here