പാകിസ്ഥാനിൽ സ്‌ഫോടനം; മരണസംഖ്യ 44 ആയി

0
89

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഒരു രാഷ്ട്രീയ പാർട്ടി യോഗത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബജൗർ ജില്ലയിലെ ഖാറിൽ ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) സംഘടിപ്പിച്ച യോഗം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജൂലൈ 30 ന് വൈകിട്ട് നാലോടെയാണ് സ്‌ഫോടനം ഉണ്ടായത്.

ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഖാറിലെ ജെയുഐ-എഫിന്റെ പ്രമുഖ നേതാവായ മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബജൗർ ജില്ലാ എമർജൻസി ഓഫീസർ സാദ് ഖാൻ പാകിസ്ഥാൻ ദിനപത്രമായ ഡോണിനോട് പറഞ്ഞു. പരിക്കേറ്റവരെ പെഷവാറിലെയും ടൈമർഗെരയിലെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും പ്രവിശ്യയുടെ മുഖ്യമന്ത്രി അസം ഖാനോടും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജെയുഐ-എഫ് മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരോട് ആശുപത്രിയിൽ എത്തി രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“ജെയുഐ പ്രവർത്തകർ സമാധാനം പാലിക്കണമെന്നും, ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണം,” ഫാസൽ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി അസം ഖാൻ സ്‌ഫോടനത്തെ അപലപിക്കുകയും ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടുകയും ചെയ്തു. ജെയുഐ-എഫിന്റെ കേന്ദ്ര അംഗം കൂടിയായ ഖൈബർ പഖ്തൂൺഖ്വ ഗവർണർ ഹാജി ഗുലാം അലിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

“തന്നെ ക്ഷണിച്ചിരുന്നെങ്കിലും ചില മുൻകൂർ പ്രതിബദ്ധതകൾ കാരണം മീറ്റിംഗിന് പങ്കെടുക്കാനായില്ലെന്ന് സംഭവത്തിന് ശേഷം ജെയുഐ നേതാവ് ഹാഫിസ് ഹംദുള്ള ജിയോ ന്യൂസിനോട് പറഞ്ഞു.

“ഞാൻ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നു, ഇത് ജിഹാദല്ല, ഭീകരതയാണെന്ന് ഇതിന് പിന്നിലെ ആളുകൾക്ക് ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,ഇത് മനുഷ്യത്വത്തിനും ബജൗറിനും എതിരായ ആക്രമണം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെയുഐ-എഫ് നേതാവ് പറഞ്ഞു.

ഇതാദ്യമായല്ല തന്റെ പാർട്ടിയായ ജെയുഐ-എഫിന് നേരെ ആക്രമണം ഉണ്ടാകുന്നത് എന്ന് അനുസ്മരിച്ച അദ്ദേഹം സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. “ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്, ഞങ്ങളുടെ പ്രവർത്തകരെ അവർ  ലക്ഷ്യമിടുന്നു. ഇതേക്കുറിച്ച് ഞങ്ങൾ പാർലമെന്റിൽ ശബ്ദം ഉയർത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല,” അദ്ദേഹം ജിയോ ന്യൂസിനോട് വ്യക്തമാക്കി.

2021 ഓഗസ്റ്റിൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനെ തുടർന്ന് പാകിസ്ഥാൻ നിരവധി ഭീകരാക്രമണങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായ തെഹ്‌രിക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഉൾപ്പെടെയുള്ള ഭീകരർക്കെതിരെ നിർണായക നടപടികൾ കൈക്കൊള്ളണമെന്ന് ജെയുഐ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here