മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും ബി ജെ പി നേതാക്കളെയും കസ്റ്റഡിയിലെടുത്ത് കര്‍ണാടക പോലീസ്. കര്‍ണാടക നിയമസഭയില്‍ സഭയില്‍ അനാദരവ് കാട്ടിയതിന് 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക പോലീസ് ബെംഗളൂരുവിലെ വിധാന്‍സൗദയിലെത്തി ബൊമ്മൈയെ കസ്റ്റഡിയിലെടുത്തത്.
തങ്ങളുടെ 10 എംഎല്‍എമാരെ നിയമസഭാ സമ്മേളനത്തിന്റെ ശേഷിക്കുന്ന സെഷനുകളില്‍ നിന്ന്
സസ്പെന്‍ഡ് ചെയ്തതിനെ കര്‍ണാകട ബിജെപി ഘടകം ശക്തമായി അപലപിച്ചു. സംഭവത്തെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നും അവര്‍ വിശേഷിപ്പിച്ചു. അതേസമയം ‘ജനാധിപത്യത്തിന്റെ കറുത്ത ദിനം’ എന്നാണ് ബസവരാജ് ബൊമ്മൈ സംഭവത്തെ വിശേഷിപ്പിച്ചത്.
ബി.ജെ.പിയിലെ ചില അംഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തത്. സഭാ സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ ഇടവേള നല്‍കാതെ സ്പീക്കര്‍ സഭ തുടര്‍ന്നതും ബിജെപി എംഎല്‍എമാരില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ‘ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ്, ഇന്ന് ജനാധിപത്യത്തിന്റെ കൊലപാതകം നടന്നു. ചെറിയ പ്രക്ഷോഭത്തിന്റെ പേരില്‍ 10 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരുടെ അവകാശത്തിനായി ഞങ്ങള്‍ പോരാടും’ ബൊമ്മൈ പറഞ്ഞു. അതേസമയം, പ്രതിഷേധിക്കുന്നതില്‍ നിന്ന് ബിജെപി എംഎല്‍എമാരെ ആരും തടയുന്നില്ലെന്നും എന്നാല്‍ ഡെപ്യൂട്ടി സ്പീക്കറെ ആക്രമിക്കുന്നത് ശരിയായില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസ് വ്യക്തമാക്കി.
‘ഇത് നിര്‍ഭാഗ്യകരമാണ്. സഭയില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്നതില്‍ നിന്ന് അവരെ ആരും തടയുന്നില്ല, പക്ഷേ അവര്‍ പാലിക്കേണ്ട ചില അടിസ്ഥാന അച്ചടക്കങ്ങളുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ ആക്രമിക്കുന്നത് കര്‍ണാടക നിയമസഭയില്‍ കണ്ടിട്ടില്ലാത്ത കാര്യമാണ്. ഇത് നിര്‍ഭാഗ്യകരമാണ്, സംഭവത്തില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സഭാനടപടികള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല’ കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ബിജെപിയുടെ പ്രതിഷേധത്തിനിടയിലാണ് ഈ സംഘര്‍ഷം ഉടലെടുത്തത്.
ഡോ സി എന്‍ അശ്വത് നാരായണ്‍, വി സുനില്‍ കുമാര്‍, ആര്‍ അശോക, അരഗ ജ്ഞാനേന്ദ്ര (എല്ലാവരും മുന്‍ മന്ത്രിമാര്‍), ഡി വേദവ്യാസ കാമത്ത്, യശ്പാല്‍ സുവര്‍ണ, ധീരജ് മുനിരാജ്, എ ഉമാനാഥ് കൊട്ടിയന്‍, അരവിന്ദ് ബെല്ലാഡ്, വൈ ഭരത് ഷെട്ടി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട 10 എംഎല്‍എമാര്‍.
അതേസമയം സ്പീക്കര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എമാരില്‍ ഒരാളായ യശ്പാല്‍ സുവര്‍ണ പറഞ്ഞു. ജൂലൈ മൂന്നിനാണ് കര്‍ണാടക നിയമസഭാ സമ്മേളനം ആരംഭിച്ചത് . ജൂലൈ 21 ന് അവസാനിക്കും.