പോർച്ചുഗീസ്: ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ‘ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
ചെക്കോസ്ലോവാക്യയിലെ സർക്കാർ ഇദ്ദേഹത്തിന്റെ രചനകൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതൽ ഫ്രാൻസിലായിരുന്ന മിലൻ കുന്ദേരയ്ക്ക് 1981-ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി.
1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ , സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.
1929-ൽ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുർക്കിനോവ 6 (6 പുർക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്‌വിക് കുന്ദേരയാണ് അദ്ദേഹത്തിന്റെ പിതാവ്. ബ്രണോയിലെ ജാനസെക് മ്യൂസിക് അക്കാദമിയുടെ തലവനായിരുന്നു അദ്ദേഹം. മിലാഡ കുന്ദറോവയാണ് അമ്മ.
കുട്ടിക്കാലത്ത് തന്നെ പിതാവിൽ നിന്ന് പിയാനോ പഠിച്ച കുന്ദേര പിന്നീട് സംഗീതശാസ്ത്രവും സംഗീത രചനയും പഠിച്ചു. സംഗീതശാസ്ത്രപരമായ സ്വാധീനങ്ങളും അവലംബങ്ങളും നൊട്ടേഷനും അദ്ദേഹത്തിന്റെ കൃതിയിലുടനീളം കാണാം. ചെക്ക് എഴുത്തുകാരനും വിവർത്തകനുമായ ലുഡ്വിക് കുന്ദേര അദ്ദേഹത്തിന്റെ ബന്ധുവാണ്.
1950-ൽ എഴുത്തുകാരനായ ജാൻ ട്രെഫുൽക്കയെയും കുന്ദേരയേയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ”പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ പഠനം തടസ്സപ്പെട്ടു. ഈ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുന്ദേര 1967 ‘ദി ജോക്ക്’ എഴുതിയത്.
1956-ല്‍ കുന്ദേരയെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. പിന്നീട് 1970 വരെ അദ്ദഹേം പാർട്ടിയിൽ തുടർന്നു. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറിയത്.