: അക്രമങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കം. 74,000 സീറ്റുകളിലേക്കായി ജൂലൈ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ 80.71 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 61,000 ബൂത്തുകളിലാണ് പോളിങ് നടന്നത്. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സേനയേയുംം സംസ്ഥാന പോലീസിനേയും വലിയ തോതില്‍ വിന്യസിച്ചിട്ടുണ്ട്.
22 ജില്ലകളിലായി 339 വോട്ടെണ്ണല്‍ വേദികളുണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കേന്ദ്രസേനയുടെ വിന്യാസവും സിസിടിവി ക്യാമറകളും ഉറപ്പാക്കിയിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 2018ല്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും 22 ജില്ലാ പരിഷത്തുകളിലും വിജയിച്ചാണ് ഭരണം നേടിയത്.
അതേസമയം കഴിഞ്ഞ മാസം ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ 33 ലധികം പേര്‍ കൊല്ലപ്പെട്ടു. പലയിടത്തും ബാലറ്റ് പെട്ടികള്‍ കൊള്ളയടിക്കുകയും തീയിടുകയും കുളങ്ങളില്‍ വലിച്ചെറിയുകയും ചെയ്തത് അക്രമത്തിലേക്ക് നയിച്ചു. 696 ബൂത്തുകളില്‍ റീപോളിംഗ് നടത്തേണ്ടി വരും വിധം വോട്ടിംഗ് ദിവസം അക്രമം ഉണ്ടായി. ഇതേ തുടര്‍ന്നാണ് സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ കേന്ദ്രസേന ഇറങ്ങിയത്.
ഫലപ്രഖ്യാപന ദിവസം അക്രമങ്ങള്‍ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ഉണ്ടാകും. എല്ലാ അധികാരികളും ഗുണ്ടകള്‍ക്കും നിയമലംഘകര്‍ക്കും എതിരെ ശക്തമായി ഇറങ്ങും,’ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എഎന്‍ഐയോട് പറഞ്ഞു.