മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നത് തടയുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ യുവതി മരിച്ചു. കഴിഞ്ഞ ജൂലൈ 2 ന് ചെന്നൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യുവതി വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ് പ്രീതി (22) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെടുകയായിരുന്നു.
ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷനില്‍ ട്രെയിനിന്റെ ഫുട്ബോര്ഡില് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു പ്രീതി. ഇതിനിടെ രണ്ട് പേര് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും അബോധാവസ്ഥയിലായ യുവതിയെ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പോലീസ് പ്രീതിയുടെ കോള്‍ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു. ബസന്ത് നഗറിലെ ഒരു മീന്‍ കടയില്‍ ജോലി ചെയ്യുന്ന രാജു എന്ന ആളിലേക്കാണ് പോലീസ് അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലില്‍ 2000 രൂപ നല്കി രണ്ടുപേരില്‍ നിന്ന് ഫോണ്‍ വാങ്ങിയതായി രാജു വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മണിമാരന്‍, വിഘ്നേശ് എന്നിവരെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രീതിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചതായും ഇതിനിടെയാണ് ട്രെയിനില്‍ നിന്ന് വീണതെന്നും ഇരുവരും സമ്മതിച്ചു.