രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്ന് നടി കജോൾ. കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടുമെന്നും കജോൾ പറഞ്ഞു. ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് കജോളിന്റെ പ്രതികരണം. കജോളിന്റെ ദ ട്രയൽ എന്ന സീരീസിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
‘ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇതാണ് വസ്തുത. ഒരു കാഴ്ച്ചപ്പാടും ഇല്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും’ കജോൾ പറഞ്ഞു.
അതേസമയം ദ ട്രയൽ ജൂലൈ 14ന് സ്ട്രീം ചെയ്യും. സുപർൺ വർമ്മയണ് സീരീസ് സംവിധാനം ചെയ്യുന്നത്. ജൂലിയാന മർഗുലീസ് പ്രധാന വേഷത്തിൽ അധിനയിച്ച കോർട്ട് ഡ്രാമയുടെ ഇന്ത്യൻ പതിപ്പാണിത്. ഭർത്താവ് ജയിലിൽ ആയതിന് ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയായാണ് കജോൾ എത്തുന്നത്.