മെറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രഡ്സിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്പ് ട്വിറ്ററിന് ഭീഷണിയാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇതിനിടെ, ത്രഡ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്വിറ്റർ രംഗത്തെത്തി. ട്വിറ്ററിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ, മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് ഇതു സംബന്ധിച്ച് കത്തും അയച്ചിട്ടുണ്ട്. ട്വിറ്ററിൽ മുൻപുണ്ടായിരുന്ന ജീവനക്കാരെ നിയമിച്ചതിലൂടെ കമ്പനി തങ്ങളുടെ ട്രേഡ് രഹസ്യങ്ങൾ മോഷ്ടിച്ചതായും ട്വിറ്റർ ആരോപിക്കുന്നു.
“ട്വിറ്ററിന്റെ ട്രേഡ് രഹസ്യങ്ങളും ബൗദ്ധിക സ്വത്തുക്കൾ സംബന്ധിച്ച മറ്റു വിവരങ്ങളും മനഃപൂർവ്വവും നിയമവിരുദ്ധമായും മെറ്റ ദുരുപയോഗം ചെയ്തു. ട്വിറ്ററിന്റെ ഏതെങ്കിലും ട്രേഡ് രഹസ്യങ്ങളോ അതീവ രഹസ്യ സ്വഭാവമുള്ള മറ്റ് വിവരങ്ങളോ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ മെറ്റ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ” എന്നും ട്വിറ്റർ ഉടമ ഇലോൺ മസ്‌കിന്റെ അഭിഭാഷകനായ അലക്‌സ് സ്പിറോയ അയച്ച കത്തിൽ പറയുന്നു. “മത്സരം നല്ലതാണ്, പക്ഷേ വഞ്ചന നല്ലതല്ല”, എന്നാണ് കത്തിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് മറുപടിയായി മസ്ക് ട്വീറ്റ് ചെയ്തത്.
എന്നാൽ, മെറ്റാ വക്താവ് ആൻഡി സ്റ്റോൺ കത്തിലെ ആരോപണങ്ങൾ നിഷേധിച്ചു. “ത്രഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും ട്വിറ്ററിലെ മുൻ ജീവനക്കാരല്ല” എന്നും അദ്ദേഹം ത്രഡ്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ, ട്വിറ്ററിന് ബദലായി പല സോഷ്യൽ മീഡിയ ആപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്റ്റോഡൺ, ബ്ലൂസ്‌കി എന്നിവ പോലുള്ള ചെറിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുകൾ ഈ കാലയളവിലാണ് ഉയർന്നു വന്നത്. എന്നാൽ ട്വിറ്റർ അവയ്ക്കെതിരെ ഇതുവരെ ഭീഷണിയുമായി രംഗത്തു വന്നിട്ടില്ല.
എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് വലിയ ജനപ്രീതിയാണ് ത്രഡ്സിന് ലഭിച്ചത്. ആദ്യ ദിവസം തന്നെ 30 ദശലക്ഷം ഉപയോക്താക്കൾ ആപ്പിൽ സൈൻ അപ്പ് ചെയ്തതായാണ് മെറ്റ സിഇഒ സക്കർബർഗ് അറിയിച്ചത്. വ്യാഴാഴ്ച ഉച്ചവരെ, ഐഒഎസ് ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു ത്രഡ്സ്. നിയമ നടപടിയിലേക്ക് നീങ്ങുമെന്ന ട്വിറ്ററിന്റെ ഭീഷണി ആപ്പിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാകാമെന്ന് റിച്ച്മണ്ട് സർവകലാശാലയിലെ നിയമ വിഭാഗം പ്രൊഫസർ കാൾ തോബിയാസ് സിഎൻഎന്നിനോട് പറഞ്ഞു.
”ചിലപ്പോൾ ഇത്തരം ഭീഷണികൾ ഉണ്ടാകാം. പക്ഷേ അവർ നിയമനടപടിയുമായി മുന്നോട്ടു പോകില്ല. തങ്ങൾക്ക് എത്ര ദൂരം പോകാൻ കഴിയുമെന്ന് അവർക്കു തന്നെ അറിയാം”, തോബിയാസ് കൂട്ടിച്ചേർത്തു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ത്രഡ്സ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. അതിനുശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. ട്വിറ്ററിന് സമാനമായ അനുഭവം നല്‍കുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റായിരിക്കും ത്രെഡ്സ് എന്നാണ് കമ്പനിയുടെ അവകാശവാദം.