അനധികൃത സ്വത്ത് സമ്പാദന കേസില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മൊഹാലിയിലെ വിജിലന്‍സ് ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരായി. രേഖകളുള്ള വരുമാന സ്രോതസിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. നേരത്തെ ജൂണിലും ഏപ്രിലിലും രണ്ടുതവണ വിജിലന്‍സ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ ചന്നിയെ ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തനിക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിട്ടെന്ന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘169 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്ന വലിയ കള്ളപ്രചാരണം എനിക്കെതിരെ അഴിച്ചുവിട്ടു. ഞാന്‍ സമ്പന്നനാണെന്നും എനിക്ക് 169 കോടിയുടെ വന്‍ സ്വത്തുണ്ടെന്നും നിങ്ങള്‍ എനിക്കെതിരെ പ്രചരണം നടത്തിയിരുന്നോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് വിജിലന്‍സ് വകുപ്പ് ഉണ്ട്, നിങ്ങള്‍ സര്‍ക്കാരുണ്ട്, എന്റെ 169 കോടി രൂപയുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വീടുകളും രണ്ട് ഓഫീസുകളും ഒരു കടയും മാത്രമാണ് തനിക്ക് സ്വന്തമായുള്ളതെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് ബ്യൂറോയ്ക്ക് നല്‍കിയെന്നും ചന്നി പറഞ്ഞു. മാന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചന്നിയുടെയും കുടുംബാംഗങ്ങളുടെയും സഹായികളുടെയും സ്വത്തുക്കള്‍ ബ്യൂറോ അന്വേഷിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വിജിലന്‍സ് അന്വേഷണത്തെ ‘തികച്ചും രാഷ്ട്രീയ’മെന്നാണ് ചന്നി വിശേഷിപ്പിച്ചത്.