കോട്ടയം എംജി സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പരീക്ഷാഭവനിലെ മറ്റ് ഡിപ്പാർട്ട്മെന്റ് കളിലും സർവകലാശാലയിലെ മറ്റ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാതായതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനമായത്. അതേസമയം, കാണാതായ സർട്ടിഫിക്കറ്റുകൾ അസാധുവാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ബിരുദാനന്തര ബിരുദ കോഴ്സുകളുടെ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാൽ ബിരുദ കോഴ്സുകളുടെ 100 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ മാസങ്ങൾക്ക് മുന്നേ നഷ്ടപ്പെട്ടിരുന്നെന്ന വിവരം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. സർവകലാശാലയിലേക്ക് ഇന്നും വിവിധ സംഘടനകളുടെ മാർച്ച് നടക്കും.