ഡൽഹിയിലെ ജനങ്ങൾക്ക് വൈദ്യുതിയും കുടിവെള്ളവും നൽകാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി. ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
40 കോടിയിലധികം രൂപ ചെലവഴിച്ച് അദ്ദേഹം സ്വന്തം വസതിയായ ഒരു ‘ശീഷ് മഹൽ’ നിർമ്മിച്ചു, എന്നാൽ കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കുന്ന ‘ആയുഷ്മാൻ ഭാരതിന്റെ’ നേട്ടം കൊയ്യാൻ പാവപ്പെട്ടവരെ അനുവദിച്ചില്ല.
ലഫ്റ്റനന്റ് ഗവർണർക്ക് പകരം ക്രമസമാധാനം എഎപി ഭരണത്തിൻ കീഴിലായിരുന്നെങ്കിൽ ദേശീയ തലസ്ഥാനം ഏറ്റവും സുരക്ഷിതമാകുമായിരുന്നുവെന്ന് കെജ്രിവാൾ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് സ്‌മൃതി ഇറാനിയുടെ പരാമർശം.
മോദി സർക്കാരിന്റെ ഒമ്പത് വർഷം തികയുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇറാനി. കെജ്‌രിവാൾ വികസന പദ്ധതികൾക്ക് പണം നൽകുന്നില്ലെന്നും എന്നാൽ ക്രെഡിറ്റ് എടുക്കുന്ന ആദ്യത്തെ വ്യക്തിയാണെന്നും അവർ ആരോപിച്ചു.
പ്രധാനമന്ത്രി മോദി തലസ്ഥാനത്ത് 70 ലക്ഷം പേർക്ക് സൗജന്യ വാക്‌സിനുകളും 73 ലക്ഷം പേർക്ക് സൗജന്യ റേഷനും നൽകി, അതിന്റെ ക്രെഡിറ്റ് കെജ്‌രിവാൾ ഏറ്റെടുത്തു, അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് കെജ്‌രിവാൾ എതിരാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ആരോപിച്ചു. ‘രാമക്ഷേത്രം നിർമ്മിക്കരുത്. ആശുപത്രികൾ നിർമ്മിക്കൂ’ എന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.