ബ്രോ ഡാഡിയും തെലുങ്കിലേക്ക്;

0
74

പൃഥ്വിരാജും മോഹൻലാലും അച്ഛനും മകനുമായെത്തി പ്രേക്ഷക ഇഷ്ടം നേടിയ ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വി തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, ലാലു അലക്‌സ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

കല്യാണ കൃഷ്ണയുടെ സംവിധാനത്തിലാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ചിരഞ്ജീവിയായിരിക്കും ചിത്രത്തിൽ നായകനാകുന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. താരനിരയിൽ ചിരഞ്ജീവിയ്ക്കു നായികയായി തൃഷയുടെ പേരാണ് കേൾക്കുന്നത്. യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടും.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മോഹൽലാലിന്റെ രണ്ടാമത്തെ റീമേക്ക് ചിത്രത്തിലാണ് ചിരഞ്ജീവി എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി എത്തിയിരുന്നു. ഗോഡ്ഫാദർ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയത്.

2022 ജനുവരി 26ന് ഡിസ്‌നി ഹോട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി പ്രദർശനത്തിനെത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ജോൺ ചാക്കോ കാറ്റാടിയായി മോഹൻലാലും ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ ഇരുവരും തമ്മിലുള്ള ഫൺ കെമസ്ട്രിയായിരുന്നു പ്രേക്ഷക ഇഷ്ടം നേടിയത്. ആകസ്മികമായുണ്ടാകുന്ന രണ്ട് ഗർഭധാരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here