രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21ാം നിയമ കമ്മിഷന്‍ ഉത്തരവിറക്കി.
മുപ്പത് ദിവസത്തിനകം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കണമെന്നാണ് നിയമ കമ്മിഷന്റെ ഉത്തരവിലുള്ളത്. വിഷയത്തില്‍ മുന്‍ കമ്മിഷന്‍ നല്‍കിയ കണ്‍സല്‍ട്ടേഷന്‍ പേപ്പറിന് മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള സാഹചര്യത്തിലാണിത്. മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ളതാണ് നിലവിലെ നിയമ കമ്മിഷന്‍.
താത്പര്യവും സന്നദ്ധതയുമുള്ളവര്‍ക്ക് ഉത്തരവ് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ membersecretary-lci@gov.in എന്ന ഇ-മെയില്‍ വഴി ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മിഷന്‍ സമര്‍പ്പിക്കാം. നേരത്തെ ഏക സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.