തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാർ അഴിമതിയിൽ ഏർപ്പെട്ടുവെന്ന തമിഴ്‌നാട് ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതാവ് ഡി ജയകുമാറിന്റെ വിമർശനം. അണ്ണാമലൈയുടെ പരാമർശം ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തിന് ഭീഷണിയാണെന്ന് ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ പറഞ്ഞു.
അണ്ണാമലൈ അടുത്തിടെ ഒരു അഭിമുഖത്തിൽ, “തമിഴ്‌നാട് മുമ്പ് നിരവധി അഴിമതി ഭരണങ്ങൾ കണ്ടിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രിമാർ അഴിമതിയുടെ പേരിൽ കോടതികളിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, അഴിമതി ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തമിഴ്‌നാട് മാറിയെന്നും” ആരോപിച്ചു
എന്നാൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻമാരായ പൊൻ രാധാകൃഷ്ണൻ, തമിഴിസൈ സൗന്ദരരാജൻ, എൽ മുരുകൻ എന്നിവർ സഖ്യ ധർമ്മം കാട്ടി, ഐക്യബോധം നിലനിന്നിരുന്നതായും ബിജെപി-എഐഎഡിഎംകെ സഖ്യം തകർക്കാനുള്ള വിധത്തിലാണ് നിലവിൽ അണ്ണാമലൈ പ്രവർത്തിക്കുന്നതെന്നും ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അണ്ണാമലൈ പറഞ്ഞതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും അപലപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയകുമാർ പറഞ്ഞു. അല്ലാത്തപക്ഷം സഖ്യം തുടരുമോ എന്ന ചോദ്യങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ അണ്ണാമലൈ അഴിമതിയാരോപണങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും ജയകുമാർ ചോദിച്ചു. എഐഎഡിഎംകെ പിന്തുണച്ചത് കൊണ്ട് മാത്രമാണ് ബിജെപിക്ക് തമിഴ്നാട് നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചതെന്നും ജയകുമാർ പറഞ്ഞു. നിയമസഭയിൽ ബിജെപി 4 സീറ്റ് നേടിയാൽ അത് എഐഎഡിഎംകെയാണ്. അണ്ണാമലൈ ആ വസ്തുത നിഷേധിക്കുമോ? എഐഎഡിഎംകെയ്‌ക്കൊപ്പം നിന്നാൽ മാത്രമേ ബിജെപിക്ക് പ്രാതിനിധ്യം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.