കന്നഡ സിനിമയിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിച്ചിരുന്ന പ്രമുഖ നടൻ നിതിൻ ഗോപി അന്തരിച്ചു. ജൂൺ രണ്ടിന് വെള്ളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ബെംഗളുരുവിലെ വീട്ടിൽ വച്ച് നടന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു, ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളായിരുന്നു നിതിൻ ഗോപി. ഹലോ ഡാഡി, കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ശ്രുതി നായിഡു നിർമ്മിച്ച പുനർ വിവാഹ എന്ന ജനപ്രിയ പരമ്പരയിലും നിതിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ഷോ ഹിറ്റായിരുന്നു.
ടെലിവിഷൻ മേഖലയിലും താരം നിറ സാന്നിധ്യമായിരുന്നു. ഹരഹര മഹാദേവ് എന്ന സീരിയലിന്റെ ഏതാനും എപ്പിസോഡുകളിൽ അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്‌തിരുന്നു. ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യുന്നതിനായി താരം അടുത്തിടെ ഒരു ചാനലുമായി നീണ്ട ചർച്ചയിലായിരുന്നു.