കൊല്ലം: കഴിഞ്ഞ ആഗസ്റ്റില്‍ മേയറുടെ ചേംബറിലുണ്ടായ തീപിടിത്തത്തില്‍ നശിച്ച ഫയലുകളെ ചൊല്ലിയായിരുന്നു തര്‍ക്കം.
203 ഫയലുകള്‍ പൂര്‍ണമായും 23 എണ്ണം ഭാഗികമായും കത്തിനശിച്ചു എന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിനെ മേയര്‍ തള്ളി. നഷ്ടപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഫയലുകള്‍ പലതും സുരക്ഷിതമായി ഓഫീസില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ഈ ഫയലുകളും മേയര്‍ യോഗത്തില്‍ കാണിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.
മേയറുടെ താമരക്കുളം ഡിവിഷന്റെ മിനിട്‌സ്ബുക്ക്, ജിയോ പോളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍, ശിവകുമാര്‍ എന്ന ജീവനക്കാരന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട ഫയല്‍ എന്നിവ ഉള്‍പ്പെടെ നശിച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ഫയലുകള്‍ എല്ലാം ഓഫീസില്‍ ഉണ്ട്. തെറ്റായ റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യേഗസ്ഥനെതിരെ നടപടി സ്വീകരികും. ഈ റിപ്പോര്‍ട്ടിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷണം വേണമെന്ന് മേയറും ഭരണപക്ഷ കൗണ്‍സിലര്‍മാരും ഉന്നയിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധങ്ങള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഭരണപക്ഷത്ത് നിന്നുള്ള പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷൻ ജോര്‍ജ് ഡി.കാട്ടില്‍, കുരുവിള ജോസഫ് എന്നിവര്‍ രംഗത്തെത്തി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, ഹണി ബഞ്ചമിൻ, ജി. ഉദയകുമാര്‍, യു. പവിത്ര, കൗണ്‍സിലര്‍മാരായ പ്രിയദര്‍ശൻ, സജീവ്, പുഷ്പാംഗദൻ, സന്തോഷ്, ടി.ജി. ഗിരീഷ്, ആശ, നൗഷാദ്, ടി.പി. അഭിമന്യു, സുമി എന്നിവര്‍ സംസാരിച്ചു.