ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ പുതിയ നീക്കവുമായി ചൈന. ഉത്തരാഖണ്ഡിനോട് ചേര്‍ന്ന് ചൈന അതിര്‍ത്തി പ്രതിരോധ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 250 വീടുകള്‍ ഉള്‍പ്പെടുന്ന ഈ അതിര്‍ത്തി ഗ്രാമങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് (എല്‍എസി) 11 കിലോമീറ്റര്‍ അകലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യ- ചൈനീസ് അതിര്‍ത്തിയായ യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡ് ചൈനയുമായി 350 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉപജീവന സാധ്യതകളുടെ അഭാവം മൂലം ജനങ്ങള്‍ പുറത്തേക്ക് കുടിയേറുന്നതാണ് പതിവ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) മേല്‍നോട്ടത്തില്‍ തുടരുന്ന ഉത്തരാഖണ്ഡിനോട് ചേര്‍ന്നുള്ള എല്‍എസിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ 55-56 വീടുകളുടെ നിര്‍മ്മാണത്തിലും ചൈന ഏര്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ അതിര്‍ത്തിയില്‍ മാത്രം 400 വില്ലേജുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ സമുച്ചയങ്ങളാണ് ഈ ഗ്രാമങ്ങളില്‍ ഉയരുന്നത്.
ഇന്ത്യ 6 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കും
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അവസാന അതിര്‍ത്തി പോസ്റ്റിലേക്കുള്ള വഴി കൂടുതല്‍ സുഗമമാക്കുന്നതിന് ആറ് കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുമെന്ന് മുതിര്‍ന്ന ബിആര്‍ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഘടിയാബാഗര്‍-ലിപുലേഖ് റോഡില്‍ ബുന്ദിക്കും ഗാര്‍ബിയാങ്ങിനുമിടയിലാണ് തുരങ്കം.
”തുരങ്കത്തിന്റെ സര്‍വേ ജോലികളുടെ കരാര്‍ ATINOK ഇന്ത്യ കണ്‍സള്‍ട്ടന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കമ്പനി സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമ നിര്‍ദ്ദേശം സമര്‍പ്പിക്കും, ”പ്രൊജക്റ്റ് ചീഫ് എഞ്ചിനീയര്‍ ഹിരാക് വിമല്‍ ഗോസ്വാമി പറഞ്ഞു.
‘2,000 കോടി രൂപയുടെ പദ്ധതി നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. നിര്‍ദിഷ്ട തുരങ്കം കണക്കിലെടുത്ത് BRO ബുണ്ടിയില്‍ നിന്ന് ഗാര്‍ബിയാങ് സിംഗിള്‍ ലെയ്നിലേക്കുള്ള അതിര്‍ത്തി റോഡ് നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളത് ഇരട്ട പാതയായിരിക്കും,’ ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.
2020 ല്‍ കമ്മീഷന്‍ ചെയ്ത അതിര്‍ത്തി റോഡ് ഈ ദിവസങ്ങളില്‍ ബ്ലാക്ക് ടോപ്പ് ചെയ്യുകയും ഇരട്ട പാതയാക്കുകയും ചെയ്യുമെന്ന് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടപ്പാതയാക്കല്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഗോസ്വാമി അറിയിച്ചു.
ഏപ്രിലില്‍ ഭൂട്ടാനിലെ അമോ ചു താഴ്‌വരയില്‍ ചൈന നടത്തുന്ന വന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ സൈന്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമോ ചു തന്ത്രപ്രധാനമായ ഡോക്ലാമിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ അമോ ചുവിലെ കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്കൊപ്പം സൈനികര്‍ക്കുള്ള PLA യുടെ സ്ഥിരമായ താവളവും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്ത്യാടുഡേയ്ക്ക് ലഭിച്ചിരുന്നു. ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ക്ക് താമസിക്കാന്‍ 1,000 സ്ഥിരം സൈനിക കുടിലുകളും ഒന്നിലധികം താല്‍ക്കാലിക ഷെഡുകളും സമീപ മാസങ്ങളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട 2020 ലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നിരവധി റൗണ്ട് സൈനിക ചര്‍ച്ചകളും നടത്തിയിരുന്നു. സ്തംഭനാവസ്ഥയ്ക്കിടയില്‍, ലഡാക്കിലെ സ്ഥിതി പൊതുവെ ശാന്തമാണെന്നും ഇരു രാജ്യങ്ങളും സാധാരണ നിലയിലേക്ക് നീങ്ങണമെന്നുമുള്ള ഒരു കഥ മുന്നോട്ട് വെയ്ക്കാനാണ് ചൈന ശ്രമിച്ചത്.