പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നാണയത്തില്‍ പാര്‍ലമെന്റ് കോംപ്ലക്സും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വൃത്താകൃതിയിലുളള 75 രൂപ നാണയത്തിന് 44 മില്ലിമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തില്‍ 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവ അടങ്ങിയിരിക്കും. പാര്‍ലമെന്റ് സമുച്ചയത്തിന്റെ ചിത്രത്തിന് താഴെ ‘2023’ എന്ന് ആലേഖനം ചെയ്തിരിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തില്‍ 25 പാര്‍ട്ടികള്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഉള്‍പ്പെടെ, ഭരണകക്ഷിയായ എന്‍ഡിഎയുടെ 18 അംഗങ്ങള്‍ക്ക് പുറമെ ഏഴ് എന്‍ഡിഎ ഇതര പാര്‍ട്ടികളും ചടങ്ങില്‍ പങ്കെടുക്കും.
ബിഎസ്പി, ശിരോമണി അകാലിദള്‍, ജനതാദള്‍ (സെക്കുലര്‍), ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്), വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി എന്നിവയാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏഴ് എന്‍ഡിഎ ഇതര പാര്‍ട്ടികള്‍. ലോക്സഭയില്‍ 50 എംപിമാരുള്ള ഈ ഏഴു പാര്‍ട്ടികളുടെ സാന്നിധ്യം എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമാകും. ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടി മാത്രമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തടയാന്‍ ഇത് എന്‍ഡിഎയെ സഹായിക്കും.
ബിജെപിയെ കൂടാതെ, ശിവസേന, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ജനനായക് ജനതാ പാര്‍ട്ടി, എഐഡിഎംകെ, ഐഎംകെഎംകെ, എജെഎസ്യു, ആര്‍പിഐ, മിസോ നാഷണല്‍ ഫ്രണ്ട്, തമിഴ് മനില കോണ്‍ഗ്രസ്, ഐടിഎഫ്ടി (ത്രിപുര) ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, പട്ടാളി മക്കള്‍ കച്ചി, അപ്നാ ദള്‍, എജിപി എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍.
കോണ്‍ഗ്രസ്, ഇടതുപക്ഷം, ടിഎംസി, എസ്പി, എഎപി എന്നിവയുള്‍പ്പെടെ പത്തൊന്‍പത് പാര്‍ട്ടികള്‍ സംയുക്തമായി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുമ്പോള്‍ ഈ ഒരു പുതിയ കെട്ടിടത്തിന് വിലയില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഭരണഘടനാ പദവിയെ അപമാനിക്കുന്ന നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.