ന്യൂഡല്‍ഹി
ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ടികളുടെ ഐക്യത്തിന് മുന്‍കൈയെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പട്നയില്‍ പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ യോഗം വിളിക്കും. വിവിധ പ്രതിപക്ഷ പാര്‍ടി നേതാക്കളുമായി ഏപ്രിലില്‍ നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഒഡിഷയിലെ ഭുവനേശ്വറിലെത്തുന്ന നിതീഷ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കാണും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറനുമായും ചര്‍ച്ച നടത്തും.
പതിനേഴിനോ 18നോ പട്നയില്‍ പ്രതിപക്ഷ പാര്‍ടികളുടെ യോഗം വിളിക്കാനാണ് ഒരുങ്ങുന്നത്. ബിജെപിയെ തോല്‍പ്പിക്കുന്നതിന് ദേശീയതലത്തില്‍ മറ്റ് മതനിരപേക്ഷ പ്രതിപക്ഷ പാര്‍ടികളുമായി സഹകരിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയുമായി സഹകരിക്കുന്നതില്‍ സമാജ്വാദി പാര്‍ടിയും എഎപിയും അടക്കം പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, നിതീഷ് മുന്‍കൈയെടുത്തുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാകാന്‍ എസ്പിക്കും എഎപിക്കും എതിര്‍പ്പില്ല. കോണ്‍ഗ്രസിനോട് വിയോജിപ്പുള്ള പാര്‍ടികളെയും ഒപ്പം ചേര്‍ത്ത് വിപുലമായ ഐക്യത്തിനാണ് നിതീഷിന്റെ ശ്രമം.