മലയാള സിനിമ നന്ദികേടിന്റെ ലോകം; വി.എം.വിനു

0
64

നടന്‍ മാമുക്കോയക്ക് നല്‍കപ്പെട്ടത്‌ ഒരു കോഴിക്കോടന്‍ യാത്രാമൊഴി മാത്രമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സംവിധായകന്‍ വി.എം.വിനു. സിനിമയുമായി ബന്ധപ്പെട്ട പ്രമുഖര്‍ ആരും തന്നെ മാമുക്കോയയ്ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയില്ലെന്നും വിനു ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രമുഖര്‍ എത്തിയില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ലക്ഷ്യമാക്കിയത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ മാത്രമാണ്.മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമല്ല ഞാന്‍ പറഞ്ഞത്. അവര്‍ വിദേശത്താണ് എന്ന് എനിക്കറിയാമായിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍ എത്തി സ്റ്റാര്‍ നൈറ്റ് നടത്താന്‍ വേണ്ടിയല്ല പറഞ്ഞത്. ഒരാള്‍ മരിച്ചാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുക എന്ന് പറഞ്ഞാല്‍ മരിച്ചവരോടുള്ള ആദരവാണത്. കുതിരവട്ടം പപ്പു മരിച്ച സമയത്ത് സിനിമാലോകം ഒന്നടങ്കം സ്ഥലത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രതികരണം. ഒരു ആര്‍ട്ടിക്കിള്‍ പത്രത്തില്‍ എഴുതിയാല്‍ കഴിഞ്ഞു. ഇതെല്ലാമായി അനുശോചനം ഒതുങ്ങുകയാണ്.

മുന്നോറോളം സിനിമ ചെയ്ത നടനാണ്‌ മാമുക്കോയ. അത് വിസ്മരിക്കാന്‍ കഴിയുമോ. സിനിമാലോകം തിരിഞ്ഞുനോക്കിയില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ.. രാഷ്ട്രീയക്കാര്‍ മരിച്ചാല്‍ ഇതാണോ അനുഭവം എന്ന് ആലോചിച്ചു നോക്കാമല്ലോ..  മമ്മൂട്ടി, ലാല്‍ അല്ലാത്ത എത്ര താരങ്ങളുണ്ട്. സംവിധായകരുണ്ട്. അവരൊന്നും തന്നെ മാമുക്കോയ വിടപറഞ്ഞപ്പോള്‍  എത്തിയില്ല. മാമുക്കോയയുമായി ഒപ്പം അഭിനയിച്ച എത്ര അഭിനേതാക്കളുണ്ട്. എത്ര നടികളുണ്ട്. ഓണ്‍ലി വണ്‍ സത്യന്‍ അന്തിക്കാട് മാത്രമാണ് വന്നത്. മാമുക്കോയയെ വെച്ച് അവാര്‍ഡ് വാങ്ങിയ എത്ര സംവിധായകരുണ്ട്.

പലരും കൊച്ചിയിലും തിരുവനന്തപുരത്തുമായി ഉണ്ടായിരുന്നു. ഇല്ലാത്ത തിരക്കാണ് പല സംവിധായകരും നടീ-നടന്മാരും പ്രകടിപ്പിച്ചത്. ഇത് പറയാതിരിക്കാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞത് ടി.പത്മനാഭനെപ്പോലുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമ നന്ദികേടിന്റെ ലോകമാണ്. നന്ദികേട് അല്ലാത്ത എന്താണ് സിനിമയില്‍ ഉള്ളത് എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. മാമുക്കോയയെ ഉപയോഗിച്ച പല സംവിധായകരുമുണ്ട്. നടീ-നടന്മാരുണ്ട്. നിര്‍മ്മാതാക്കളുണ്ട്. ക്യാമറാമാരുണ്ട്. സംഘടനാ തലപ്പത്ത് നില്‍ക്കുന്ന ചില ആളുകളുണ്ട്. ആരും എത്തിയില്ല-വി.എം.വിനു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here