തിരുവനന്തപുരം: എഐ കാമറാ ഇടപാടില്‍ കെല്‍ട്രോണിന്‍റെ ഒളിച്ചുകളി തുടരുന്നു. വ്യവസായ മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രസിദ്ധീകരിച്ച രേഖകളില്‍ ടെക്‌നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടില്ല.
എഐ കാമറാ ഇടപാട് വിവാദമായതോടെയാണ് രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ കെല്‍ട്രോണിന് വ്യവസായമന്ത്രി നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ അനുമതിയും ടെണ്ടര്‍ ഡോക്യുമെന്‍റും അടക്കം ഏഴ് രേഖകള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള മൂന്ന് കമ്ബനികളുടെ യോഗ്യത നിശ്ചയിച്ച ടെക്‌നിക്കല്‍ ഇവാലുവേഷന്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച രേഖകളില്ല.
ടെണ്ടറില്‍ പങ്കെടുത്ത ഒരു കമ്ബനിക്ക് പത്ത് വര്‍ഷം പ്രവര്‍ത്തി പരിചയമുണ്ടായിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അവരെ എങ്ങനെ ഉള്‍പ്പെടുത്തിയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടത് ടെക്‌നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടില്‍ നിന്നാണ്. ഉപകരാര്‍ നല്‍കിയ വിവരം അറിയാമെന്ന് വ്യവസായ മന്ത്രിയെ കെല്‍ട്രോണ്‍ അറിയിച്ചിരുന്നെങ്കിലും പ്രസിദ്ധീകരിച്ച രേഖകളില്‍ അതും ഇല്ല. അതിനിടെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം അന്വേഷണം തുടങ്ങിയ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെല്‍ട്രോണില്‍ നിന്ന് ഫയലുകള്‍ തേടി.