ടീമംഗങ്ങളിലൊരാൾ ഫ്രാഞ്ചൈസി പാർട്ടിയിൽ വെച്ച് ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്ന ആരോപണത്തെത്തുടർന്ന് കളിക്കാർക്കായി പെരുമാറ്റച്ചട്ടം പുറത്തിറക്കാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ടീമിന്റെ പ്രതിച്ഛായ നിലനിർത്താനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രാത്രി പത്തു മണിക്കു ശേഷം കളിക്കാർക്ക് പരിചയക്കാരെ അവരുടെ മുറികളിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പുറത്ത്, ഹോട്ടലിലോ റെസ്റ്റോറന്റിലോ കോഫി ഷോപ്പിലോ ഒക്കെ വെച്ച് പരിചയക്കാരെ കാണാം. വ്യക്തിപരമായ കാര്യങ്ങൾക്കായി ഹോട്ടലിൽ നിന്ന് പുറത്തുപോകണമെങ്കിൽ കളിക്കാർ ഫ്രാഞ്ചൈസിയിലെ ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കണം.
പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുകയോ കളിക്കാരനുമായുള്ള കരാർ അവസാനിപ്പിക്കുകയോ ചെയ്യും. ടീംമംഗങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും ടീമിനൊപ്പം യാത്ര ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ചെലവുകൾ കളിക്കാർ സ്വന്തമായാണ് വഹിക്കുന്നത്.
ഐപിഎല്ലിൽ ഇതുവരെ കളിച്ച ഏഴു കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഡൽഹി ക്യാപിറ്റൽസി വിജയിച്ചത്. തുടർ തോൽവികൾ നേരിട്ട ഡല്‍ഹി ക്യാപിറ്റൽസ് അടുത്തിടെ മറ്റൊരു തിരിച്ചടി നേരിട്ടിരുന്നു. ക്യാപിറ്റൽസിന്റെ ക്യാമ്പിൽ മോഷണം നടന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, യാഷ് ധുൽ, ഫിൽ സാൾട്ട് എന്നിവരുടെ കിറ്റ് ബാഗുകളാണ് മോഷണം പോയത്. 16 ലക്ഷം രൂപയോളം വിലമതിയ്ക്കുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ കിറ്റുകളില്‍ നിന്ന് 16 ബാറ്റുകള്‍, പാഡ്, ഷൂസ്, തൈ പാഡ്, ഗ്ലൗസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
കളിക്കാരുടെ കിറ്റുകള്‍ അവരുടെ ഹോട്ടല്‍ മുറികളിലെത്തിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിറ്റില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ വിവരം കളിക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പൊലീസില്‍ പരാതി നല്‍കി. മോഷണം പോയവയില്‍ കൂടുതലും ഡല്‍ഹിയുടെ വിദേശ താരങ്ങളുടെ ബാറ്റുകളാണ്.