കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്സ്പോയില്‍ പോലീസിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ‘പോലീസുകാര്‍ക്ക് ഇവിടെന്ത് കാര്യം’ ?
എന്ന് സംശയം ചോദിക്കുമ്ബോള്‍, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തെ കുറിച്ച് സ്റ്റാളില്‍ ഉള്ളവര്‍ പറഞ്ഞുതരും. പോലീസ് സേനയ്ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുകയാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. ഇതിന് പുറമെ ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുമുണ്ട് പോലീസിന്. ഭവന നിര്‍മ്മാണ വായ്പയായി പോലീസുകാര്‍ക്ക് 40 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. ഇപ്പോള്‍ 75 ലക്ഷം ആക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. പലിശ 8.9 ശതമാനം മാത്രമാണ്. കൂടാതെ ഗൃഹനിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും, ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും വായ്പയായി നല്‍കുന്നുണ്ട്. മറ്റ് ബാങ്കുകളിലുള്ള ഭവന നിര്‍മ്മാണ വായ്പ സംഘത്തിലേക്ക് മാറ്റുന്നതിനും വായ്പയുണ്ട്. ഭവന നിര്‍മ്മാണ വായ്പ എടുത്തവര്‍ക്ക് 7.5 ലക്ഷം രൂപ അധിക വായ്പയായും നല്‍കും. ഏഴ് ലക്ഷം രൂപ വരെ വാഹന വായ്പയായും വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പയായി അഞ്ച് ലക്ഷം രൂപയും നല്‍കിവരുന്നു.
വായ്പകള്‍ക്ക് പുറമേ സംഘത്തിന്‍റെ ക്ഷേമ പദ്ധതികളും ശ്രദ്ധേയമാണ് . അപകട മരണം സംഭവിക്കുന്ന സംഘാഗംങ്ങളുടെ കുടുംബത്തിന് 20 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നല്‍കും. മരണപ്പെടുന്ന സംഘാംഗത്തിന്റെ വായ്പ പൂര്‍ണമായും സംഘം ഏറ്റെടുക്കും. കുടുംബത്തിന് പ്രതിവര്‍ഷം മൂന്നുലക്ഷം രൂപ വരെ ചെലവ് നല്‍കുന്ന ചികിത്സാസഹായ പദ്ധതിയില്‍ , സങ്കീര്‍ണ്ണമായ അസുഖങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കും. 1982 മുതല്‍ പ്രവര്‍ത്തിക്കുന്ന 53622 അംഗങ്ങളുള്ള സംഘത്തിന്‍്റെ പ്രവര്‍ത്തന മൂലധനം 1161 കോടിയാണ്. മനോജ് എബ്രഹാം ഐപിഎസ് പ്രസിഡന്റും സി.ആര്‍ ബിജു വൈസ് പ്രസിഡന്‍്റുമായ സംഘത്തിലെ സെക്രട്ടറി സാലിമോള്‍ കോശിയാണ് . ഇവര്‍ക്കൊപ്പം 13 ഡയറക്ടര്‍മാര്‍ അടങ്ങുന്ന ഭരണസമിതിയാണ് സംഘത്തെ നിയന്ത്രിക്കുന്നത്.